Asianet News MalayalamAsianet News Malayalam

എഐ ക്യാമറ നിരീക്ഷണം: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ് 

കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല.

Temporary exemption for children below 12 years old from AI Camera Surveillance in kerala apn
Author
First Published May 24, 2023, 10:11 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.  

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.  

സംസ്ഥാനത്ത് ജൂൺ 7 മുതൽ അനിശ്ചിതകാല ബസ് സമരം, മന്ത്രിയുമായി നടത്തിയ ചർച്ച പരാജയം

നഗര- ഗ്രാമ വ്യത്യസമില്ലാതെ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയൽ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർ‍ക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും. 

 

 

Follow Us:
Download App:
  • android
  • ios