അവർ ആത്മഹത്യ ചെയ്തത് എന്തിന് ? പൊലീസിന് കീറാമുട്ടിയായി രേഷ്മയുടെ ബന്ധുക്കളുടെ മരണം

By Web TeamFirst Published Jun 26, 2021, 1:08 PM IST
Highlights

രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഇന്നലെ ആറ്റില്‍ ചാടി മരിച്ച യുവതികളിലൊരാളായ ആര്യയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതല്ലാതെ ആര്യയെയും ഒപ്പം മരിച്ച ഗ്രീഷ്മയെയും കേസുമായി ബന്ധിപ്പിക്കുന്ന മൊഴിയോ തെളിവുകളോ കിട്ടിയിട്ടില്ല.

കൊല്ലം: പൊലീസിനു കീറാമുട്ടിയായി കൊല്ലം ചാത്തന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന സംഭവവും തുടര്‍ന്നുണ്ടായ യുവതികളുടെ ആത്മഹത്യയും. പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിക്കാൻ രേഷ്മയെ പ്രേരിപ്പിച്ച കാമുകനാരെന്ന് കണ്ടെത്താന്‍ ഫെയ്സ്ബുക്ക് അധികൃതരുടെ സഹായം തന്നെ തേടാനൊരുങ്ങുകയാണ് പൊലീസ്. ഇന്നലെ ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ രേഷ്മയുടെ ബന്ധുക്കളായ യുവതികളെ പ്രേരിപ്പിച്ച കാരണമെന്തെന്ന കാര്യത്തിലും അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്.

സ്വന്തം ഭര്‍ത്താവില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെങ്കിലും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്‍റെ നിര്‍ദേശ പ്രകാരം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് രേഷ്മ പൊലീസിനു നല്‍കിയ മൊഴി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതല്ലാതെ ഈ കാമുകനെ രേഷ്മ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നതാണ് നടുക്കുന്ന സത്യം. കുഞ്ഞിനെ പ്രസവിച്ചതിനു പിന്നാലെ തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് രേഷ്മ ഡിലീറ്റ് ചെയ്തതിനാല്‍ ആരാണ് ഈ കാമുകനെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. 

ഒന്നുകില്‍ കാമുകനെന്നത് മറ്റെന്തോ കളളം മറയ്ക്കാന്‍ രേഷ്മ സൃഷ്ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാകാം. അല്ലെങ്കില്‍ ഒരു വ്യാജ ഐഡിയാകാനുളള സാധ്യതയും പൊലീസ് കാണുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഫെയ്സ്ബുക്കിനെ സമീപിക്കാനൊരുങ്ങുന്നത്. 

രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഇന്നലെ ആറ്റില്‍ ചാടി മരിച്ച യുവതികളിലൊരാളായ ആര്യയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതല്ലാതെ ആര്യയെയും ഒപ്പം മരിച്ച ഗ്രീഷ്മയെയും കേസുമായി ബന്ധിപ്പിക്കുന്ന മൊഴിയോ തെളിവുകളോ കിട്ടിയിട്ടില്ല. എന്നിട്ടും ഇവര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന  രണ്ടാമത്തെ കാര്യം.

ഇവിടെയും രണ്ടു സാധ്യതകള്‍ പൊലീസ് കാണുന്നു. ഒന്ന് രേഷ്മ ഗര്‍ഭിണിയായിരുന്ന കാര്യം മരിച്ച യുവതികള്‍ക്ക് അറിയാമായിരുന്നു. രണ്ട് പ്രസവത്തിനും കുഞ്ഞിനെ ഉപേക്ഷിക്കാനും യുവതികളുടെ സഹായവും രേഷ്മയ്ക്ക് കിട്ടിയിരുന്നിരിക്കാം. ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളാണ് ഈ ചിന്തയുടെ അടിസ്ഥാനം.

വ്യാജ ഐഡിയിലൂടെ  കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം മരിച്ച യുവതികള്‍ക്ക് അറിയാമായിരുന്നോ എന്നതാണ് വിദൂരമായ മറ്റൊരു സംശയം. കൊവിഡ് ചികില്‍സയില്‍ കഴിയുന്ന രേഷ്മയെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ ഇതില്‍ ചില ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!