
കൊച്ചി: ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാനാകാതെ പൊലീസ്. പുതിയ കേസെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചിരിക്കുകയാണ് അർജുൻ ആയങ്കി. വിരട്ടരുതെന്നും വളർന്ന പാർട്ടി വേറെ ആണെന്നുമാണ് പുതിയ പോസ്റ്റ്.
അതിനിടെ അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘമായി അന്വേഷണം നടത്തുകയാണ്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് ലക്ഷ്യം. അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ രണ്ട് കേസുകള്‍ ആണുള്ളത്. കോതമംഗലത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു.
അര്‍ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെ പൊലീസ് വീണ്ടും കേസെടുത്തു. കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam