
ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ മോഷണമുതൽ കണ്ടെടുക്കാൻ പൊലിസ് എത്തിയപ്പോൾ ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് മരിച്ച സംഭവത്തിൽ കടുത്തുരുത്തി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മകൻ രംഗത്ത്. രാധാകൃഷ്ണന്‍റെ മരണം പൊലിസിന്‍റെ പീഡനത്തെ തുടർന്നാണെന്ന് മകൻ രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വെച്ചും ജ്വല്ലറിയിൽ എത്തിച്ചപ്പോഴും പൊലിസ് അച്ഛനെ മർദിച്ച് അവശനാക്കിയെന്നും മകൻ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും കുടുംബം പരാതി നൽകി.
കഴിഞ്ഞ ഏഴാം തീയതിയാണ് മണ്ണഞ്ചേരി സ്വദേശിയായ രാധാകൃഷ്ണൻ മരിക്കുന്നത്. കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത ഷെൽവരാജ് എന്ന കള്ളന്‍റെ മോഷണ മുതൽ വിറ്റത് രാധാകൃഷ്ണന്‍റെ മുഹമ്മയിലെ ജ്വല്ലറിയിലായിരുന്നു. മോഷണ മുതൽ കണ്ടെത്താൻ എത്തിയപ്പോൾ ജ്വല്ലറിയിൽ ഉണ്ടായിരുന്ന വിഷദ്രാവകം രാധാകൃഷ്ണൻ കുടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂരിൽ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എന്നാൽ, രാധാകൃഷ്ണന്‍റെ മരണം പൊലിസ് പീഡനത്തെ തുടർന്നാണെന്ന ഗുരുതരമായ ആരോപണമാണ് മകൻ ഉയർത്തുന്നത്. ആറാം തീയതി രാത്രിയോടെ പിതാവിനെ കടുത്തുരുത്തി പൊലിസെത്തി കസ്റ്റഡിയിലെടുത്തെന്നും പൊലിസ് സ്റ്റേഷനിൽ വെച്ച് കാണുമ്പോൾ പിതാവിന്‍റെ മുഖത്ത് അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും നിലത്തിട്ട് ചവിട്ടി അവശനാക്കിയെന്നും മകൻ രതീഷ് പറഞ്ഞു.
അതേസമയം കള്ളനെ പിടിക്കാൻ സഹായിച്ചത് രാധകൃഷ്‌ണനാണെന്നും മർദനം ഉണ്ടായിട്ടില്ലെന്നുമാണ് കടുത്തുരുത്തി പൊലിസിന്‍റെ വിശദീകരണം. ഏതായാലും രതീഷ് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam