
വയനാട്: പുല്‍പ്പള്ളി കാപ്പിസൈറ്റില്‍ അയല്‍വാസിയുടെ വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ വനത്തിലേക്ക് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കി. വെടിയേറ്റ രണ്ടാമത്തെയാളുടെ നില ഗുരുതരമായി തുടരുകയാണ്. വെടി വെക്കാനുപയോഗിച്ച നാടന്‍ തോക്ക് നിര്‍മ്മിച്ച കേന്ദ്രങ്ങളെകുറിച്ചും അന്വേഷണം തുടങ്ങി.
ഭൂമിയുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് കന്നാരം പുഴ സ്വദേശിയായ നിഥിനും പിതൃസഹോദരന്‍ കിഷോറിനും വെടിയേല്‍ക്കുന്നത്. നിധിന്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ കിഷോര്‍ സ്വകാര്യമെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിലാണ്. ഇവരുടെ അയല്‍വാസിയായ ചാർളിയാണ് വെടിവെച്ചത്.
ഇവരെ വെടിവച്ച ചാര്‍ളി എന്നയാള്‍ സംഭവശേഷം കര്‍ണാടക വനത്തിലേക്ക് രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി വനപാലകരും പോലീസും തിരച്ചില്‍ തടത്തുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായില്ല. ചാർളി വെടി വെക്കാനുപയോഗിച്ച നാടന്‍ തോക്ക് വ്യാജമായി നിര്‍മ്മിച്ചതെന്നാണ് പൊലീസ് നിഗമനം. ജില്ലയിലെ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത തോക്കുനിർമാണ കേന്ദ്രങ്ങളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണ് ചാര്‍ളിയെന്നും നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് കാട്ടിനകത്ത് സഞ്ചരിച്ച് നല്ല പരിചയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ചാര്‍ളി അയല്‍വീട്ടുകാരുമായി വാക്കേറ്റമുണ്ടാക്കിയത്. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. തുടര്‍ന്ന് വീട്ടിലേക്ക് പോയ ചാര്‍ളി തോക്കുമായി തിരിച്ചു വന്നു വെടി വെക്കുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചില്‍ വെടിയേറ്റ നിതിന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. കിഷോറിന് വയറിനാണ് വെടിയേറ്റത്ത്. ആതിരയാണ് മരിച്ച നിതിന്‍റെ ഭാര്യ. മൂന്ന് വയസുള്ള മകളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam