
തൊടുപുഴ: ഉപേക്ഷിക്കാന്‍ പലതവണ നോക്കിയിട്ടും ഭാഗ്യദേവത ചെല്ലയ്യയെ കൈവിട്ടില്ല. നറുക്കെടുപ്പിന് തൊട്ട് മുമ്പ് വരെ ചെല്ലയ്യ പലരോടും കെഞ്ചി ഈ ടിക്കറ്റ് ഒന്ന് വാങ്ങാമോ? എന്നാല്‍ ആരും തന്നെ അയാളുടെ വാക്കുകളെ ഗൗനിച്ചില്ല. ഭാഗ്യം വിറ്റ് അന്നം കണ്ടെത്തുന്ന ലോട്ടറി ജീവനക്കാരന്‍ അന്നത്തെ കച്ചവടം നഷ്ടമായെന്ന നിരാശയില്‍ മടങ്ങി. പക്ഷേ മടക്കി അയയ്ക്കാന്‍ ശ്രമിച്ച ഭാഗ്യം ഒടുവില്‍ ചെല്ലയ്യയുടെ അടുത്തെത്തിയത് വിഷു ബംപറിന്‍റെ രൂപത്തില്‍.
മൂവാറ്റുപുഴ വാഴക്കുളത്ത് ലോട്ടറിക്കച്ചവടം നടത്തുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ കോട്ടെ കരിങ്കുളം സ്വദേശി ചെല്ലയ്യയാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപറിന്‍റെ ഒന്നാംസമ്മാനമായ 5 കോടി രൂപയ്ക്ക് അര്‍ഹനായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 532395 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വിഷു ബംപര്‍ വാഴക്കുളത്ത് വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞെങ്കിലും ഭാഗ്യവാന്‍ ആരാണെന്ന് നാട്ടുകാര്‍ക്ക് കണ്ടെത്താനായില്ല. ഭയം മൂലം സമ്മാന വിവരം ചെല്ലയ്യ ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ വാഴക്കുളം എസ്ബിഐ ശാഖയില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി ചെല്ലയ്യ എത്തിയപ്പോഴാണ് അടുത്ത സുഹൃത്തുക്കള്‍ പോലും വിവരമറിയുന്നത്.
ഹോട്ടല്‍ ജീവനക്കാരനായി 10 വര്‍ഷം മുമ്പ് വാഴക്കുളത്ത് എത്തിയതാണ് ഇയാള്‍. ഭാര്യ സുമതി, മക്കളായ സ്ഞ്ജീവ്, ശെല്‍വ നമിത എന്നിവരടങ്ങുന്നതാണ് ചെല്ലയ്യയുടെ കുടംബം.
ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ലോട്ടറി കച്ചവടം ആരംഭിച്ചത്. വിഷു ബംപര്‍ നറുക്കെടുപ്പ് നടന്ന വ്യാഴാഴ്ച വില്‍പ്പനക്കിറങ്ങിയെങ്കിലും രണ്ട് ടിക്കറ്റുകള്‍ വില്‍ക്കാനായില്ല. ഇതുമായി കുറെ അലഞ്ഞെങ്കിലും പിന്നീട് കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നു. സ്വന്തമായി വീടുനിര്‍മ്മിക്കാനും കുട്ടികളുടെ ഭാവിക്കും പണം ഉപയോഗിക്കുമെന്ന് ചെല്ലയ്യ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam