
കോഴിക്കോട്: ഇർഷാദിനും ദീപകിനും പിന്നാലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള മറ്റൊരു യുവാവിൻ്റെ തിരോധാനത്തിലും സ്വർണക്കടത്ത് സംഘമെന്ന് സംശയം. ചെക്യാട്ട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം. ഖത്തറിൽ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂൺ 16 മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലിസ് അന്വേഷണം തുടങ്ങി.
ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന്
അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ പല ചവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.
റിജേഷിൻ്റെ മാതാപിതാക്കളുടെ പരാതിയിൽ വളയം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് കരുതുന്നത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇർഷാദിൻ്റെ വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുൻപാകെ എത്തിയത്.
റിജേഷിനെ കാണാതായ സംഭവത്തിൽ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നെങ്കിൽ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കൽ സംഘം പിടികൂടിയിരിക്കാം അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയതാവാം. അതുമല്ലെങ്കിൽ സ്വർണം കൈക്കലാക്കാൻ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം. റിജേഷിൻ്റെ യാത്രാ വിവരങ്ങൾ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. അതേസമയം ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് പരാതി നൽകാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam