പൊലീസിലെ ആഭ്യന്തര പരീക്ഷകൾ ഇനി ക്യാമറ നിരീക്ഷണത്തിൽ

By Web TeamFirst Published Dec 17, 2019, 7:48 AM IST
Highlights

പൊലീസ് ട്രെയിനിംഗ് കോളജിലും തൃശൂർ പൊലീസ് അക്കാദമിയിലും പരീക്ഷ ഹാളിൽ സ്ഥിരമായി സിസിടിവി ക്യാമറ സ്ഥാപിക്കും. മറ്റ് പരീക്ഷ ഹാളുകളിൽ താൽക്കാലിക ക്യാമറകൾ സ്ഥാപിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിലെ ആഭ്യന്തര പരീക്ഷകൾ ഇനി ക്യാമറ നിരീക്ഷണത്തിൽ. പൊലീസുകാർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള പരീക്ഷ നടത്തുന്ന ഹാളിൽ സിസിടിവി സ്ഥാപിക്കാൻ ഉത്തരവ്. വകുപ്പ തല പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നുവെന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഡിജിപിയുടെ ഉത്തരവ്.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ കോപ്പിയടിക്ക് പിന്നാലെ പിഎസ്സി പരീക്ഷാ ഹാളിൽ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. പിഎസ്സി സെക്രട്ടറിയ്ക്കാണ് ശുപാർശ നൽകിയത്. ഇതിനിടെയാണ് പൊലീസുകാരുടെ സ്ഥാന കയറ്റത്തിനായി നടത്തുന്ന ആഭ്യന്തര പരീക്ഷയിലും ക്രമക്കേടുകള്‍ നടക്കുന്നുവെന്ന വിവരം ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചത്. പരീക്ഷ നടത്തുന്നതും പേപ്പറുകള്‍ പരിശോധിക്കുന്നതും ആഭ്യന്തരവകുപ്പാണ്. ക്രമക്കേടും കോപ്പിയടും തടയാൻ സിസിസി സ്ഥാപിക്കണമെന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ ശുപാർശ അംഗീകരിച്ച് ഡിജിപി ഉത്തരവിറക്കി.

സ്ഥിരമായി പരീക്ഷ നടക്കാറുള്ള പൊലീസ് ട്രെയിനിംഗ് കോളേജിലെയും തൃശൂർ പൊലീസ് അക്കാദമിയിലെയും പരീക്ഷ ഹാളിയിൽ സ്ഥിരമായി ഇനി ക്യാമറ സംവിധാനമുണ്ടാക്കും. താൽക്കാലിക പരീക്ഷ ഹാളുകളിലും താൽക്കാലിക സിസിടിവ ക്യാമറകൾ സ്ഥാപിക്കും. പരീക്ഷക്കനുസരിച്ച് തയ്യാറാക്കുന്ന പട്ടികയുടെ കാലാവധി അവസാനിക്കുന്നതുവരെ ഹാ‍ർഡ് ഡിസ്ക്ക് സൂക്ഷിക്കും. പൊലീസുകാരുടെ കായിക ക്ഷമത പരീക്ഷ നിലവിൽ ക്യാമറയിൽ പകർത്തുന്നുണ്ട്.

click me!