Honor Attack|മതംമാറ്റാൻ മ‍ർദ്ദനം: പട്ടിയെ തല്ലും പോലെ തല്ലിയെന്ന് ഭാര്യ, 4ാം ദിവസവും നടപടിയില്ല, ഡാനിഷ് ഒളിവിൽ

By Web TeamFirst Published Nov 3, 2021, 7:04 PM IST
Highlights

കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍ കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. 
 

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മതം മാറാന്‍ കൂട്ടാക്കാത്തതിന് ഭാര്യയുടെ മുന്നില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച (Honor Attack) ഭാര്യാ സഹോദരന്‍ ഒളിവില്‍. ആക്രമണം നടന്ന ഒക്ടോബര്‍ 31 ന് തന്നെ ചിറയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. എന്നാല്‍ കേസെടുത്തെന്നും പ്രതിക്കായി തെരച്ചില്‍ നടത്തുകയാണെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍ കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വെച്ചായിരുന്നു വിവാഹം. 

എന്നാല്‍ ദീപ്തിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ്. ഒക്ടോബര്‍ 31 ന് രാവിലെ ഡാനിഷ് ദീപ്തിയെയും മിഥുനെയും തന്ത്രപരമായി വിളിച്ചുവരുത്തി. പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് ഇരുവരോടും ഡാനിഷ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം നല്‍കാമെന്നും അല്ലെങ്കില്‍ മതം മാറണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. വീട്ടിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ക്രൂരമായി മിഥുനെ സഹോദരന്‍ ആക്രമിക്കുകയായിരുന്നെന്ന് ദീപ്‍തി പറഞ്ഞു.  

വടികൊണ്ട് തലയ്ക്ക് അടിയേറ്റ വീണ മിഥുനെ വീണ്ടും ഡാനിഷ് മര്‍ദ്ദിച്ചു. തലയ്ക്കേറ്റ അടിയില്‍ മിഥുന്‍റെ പരിക്ക് ഗുരുതരമാണ്. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മിഥുന്‍. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. എന്ത് മതമായാലും ജാതിയായാലും സന്തോഷമായി ജീവിച്ചാല്‍ മതിയെന്നാണ് തന്‍റെ കാഴ്ചപ്പാടെന്ന് മിഥുന്‍റെ അമ്മ പറഞ്ഞു.

click me!