വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ദേവികയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി

By Web TeamFirst Published Jun 2, 2020, 9:02 AM IST
Highlights

സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തത്. 

മലപ്പുറം: വളാഞ്ചേരിയില്‍ ജീവനൊടുക്കിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ ഞാന്‍ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്‍തതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. 

പണം ഇല്ലാത്തതിനാൽ കേടായ  ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
 

click me!