ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഡയറി കിട്ടി; നിര്‍ണ്ണായക വിവരങ്ങളെന്ന് സൂചന

By Web TeamFirst Published Jun 24, 2019, 8:11 PM IST
Highlights

15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്‌. 

തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ നിർണായക തെളിവായേക്കാവുന്ന ഡയറി പൊലീസ് കണ്ടെടുത്തു.  കൺവെൻഷൻ സെന്‍റര്‍ അനുമതിയിലുണ്ടായ തടസങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും സാജൻ ആത്മഹത്യക്ക് മുൻപെഴുതിയ ഡയറിയിൽ കുറിച്ചതായാണ് സൂചന.  അതേസമയം, സാജന്‍റെ കൺവെൻഷൻ സെന്‍ററിന് നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി ലഭിച്ചേക്കും.

അന്വേഷണ സംഘം സാജന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെടുത്തത്.  ആത്മഹത്യയ്ക്ക് മുൻപ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് വിവരം.  കൺവെൻഷൻ സെന്‍റര്‍ അനുമതിയിലുണ്ടായ തടസങ്ങൾ പരാമർശിക്കുന്നുണ്ട് ഡയറിയിൽ.  സഹായിച്ചവരുൾപ്പടെ നേതാക്കളുടെ പേരുകളുമുണ്ട് ഡയറിയില്‍.  കേസിൽ നിർണായക വഴിത്തിരിവാകുന്നതാണ് ഡയറിയും അതിലെ വിവരങ്ങളും.   

വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി.  ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക.  പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും. 

അതേസമയം സാജന്‍റെ ഭാര്യയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടുമെടുത്തു. ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു.  ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനിയറായി തളിപ്പറമ്പ് മുനിസിപ്പൽ എഞ്ചിനിയറും താൽക്കാലിക ചുമതലയേറ്റു. നാളെത്തന്നെ നടപടികൾ തീർത്ത് അനുമതി നൽകാനാണ് സാധ്യത.  ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം ലഭിച്ചിട്ടുണ്ട്. 

click me!