Police Harassment : തെന്മലയിലെ പൊലീസ് മർദ്ദനം; ഹൈക്കോടതിയിൽ കുറ്റസമ്മതം നടത്തി പൊലീസ്

By Web TeamFirst Published Nov 27, 2021, 7:55 AM IST
Highlights

രാജീവിനെ മര്‍ദ്ദിച്ചത് തെറ്റായ കേസിലെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊല്ലം: തെൻമലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കുറ്റസമ്മതം നടത്തി. രാജീവിനെ മര്‍ദ്ദിച്ചത് തെറ്റായ കേസിലെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപോരാട്ടം തുടരുമെന്ന് മര്‍ദ്ദനമേറ്റ രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞെന്ന പരാതി നല്‍കാനെത്തിയപ്പോള്‍ രാജീവിനെ തെൻമല എസ്എച്ച്ഒ വിശ്വംഭരൻ കരണത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി മൂന്നിമാണ് പരാതിയുമായി രാജീവ് തെൻമല സ്റ്റേഷനിലെത്തുന്നത്. കരണത്തടിച്ച പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷൻ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ടു.അടിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് അത് നീക്കം ചെയ്യാൻ രാജീവിനെയും കസ്റ്റഡിയിലെടുത്ത് മൊബൈല്‍ കടകള്‍ കയറിയിറങ്ങി. വീട്ടിലെത്തി ഭീഷണിപ്പെടുത്തി, ജോലിയില്ലാതാക്കി. മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസം പൂഴ്ത്തി.

ഈ ചെയ്തതൊക്കെ തെറ്റായിപ്പോയെന്നാണ് ഇപ്പോൾ സംസ്ഥാന പൊലീസിന്‍റെ കുറ്റസമ്മതം.  രാജീവിനിനെതിരെ എടുത്ത ക്രൈംനമ്പര്‍ 81/2021 എന്ന കേസില്‍ കഴമ്പില്ലാ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.കേസ് അവസാനിപ്പിക്കുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനചുമതലയുള്ള പൊലീസ് എഡിജിപി പറയുന്നതിങ്ങനെയാണ്. പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എസ്എച്ചഒയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ചോദിച്ചു. പരാതിക്കാരന് നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഇടപെടലില്‍ എസ്എച്ച്ഒ വിശ്വംഭരനെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസാണ് രാജിവിന്‍റെ ദുരിതം പുറത്ത് കൊണ്ട് വന്നത്. പിന്നീട് ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ രാജീവ് ഹൈക്കോടതിയിലെത്തിയതോടെയാണ് പൊലീസിന് മൂക്ക് കയര്‍ വീണത്.

Read More: തെൻമലയില്‍ പരാതി നൽകാനെത്തിയ യുവാവിനെ തല്ലിച്ചതച്ച സംഭവം; സിഐയ്ക്ക് സസ്പെൻഷൻ

click me!