'ഇതാകരുത് പൊലിസ്' എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് രാജീവിന്‍റെ ദുരിതം പുറത്ത് വന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പൊലീസിനെ വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരം: കൊല്ലം തെൻമലയില്‍ (thenmala) പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ (dhalit man) ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ സിഐയ്ക്ക് സസ്പെൻഷൻ. തെൻമല സിഐ ആയിരുന്ന വിശ്വംഭരനാണ് പരാതിയുടെ രസീത് ചോദിച്ച രാജീവിനെ കരണത്തടിച്ചത്. 'ഇതാകരുത് പൊലിസ്' എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് രാജീവിന്‍റെ ദുരിതം പുറത്ത് വന്നത്. സിഐയ്ക്കെതിരായ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയതും വിവാദമായിരുന്നു. തെൻമല സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പൊലീസിനെ വിമര്‍ശിച്ചിരുന്നു.

ഫെബ്രുവരി മൂന്നിനാണ് പരാതി നല്‍കിയതിന്‍റെ രസീത് ചേദിച്ചതിന് തെൻമല സിഐ വിശ്വംഭരൻ രാജീവിന്‍റെ കരണത്തടിച്ചത്. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പൊലീസ് രാജിവിനെയും കൊണ്ട് അടിച്ച ദൃശ്യം മായ്ക്കാൻ തെൻമലയിലെ മൊബൈല്‍ ഫോണ്‍ കടകളിലെല്ലാം കയറിയിറങ്ങി. പിന്നീട് സ്റ്റേഷൻ ആക്രമിച്ചെന്ന കള്ളക്കേസുമെടുത്തു. സംഭവം വൻ വിവാദമായതോടെ കൊല്ലം ഡിസിആര്‍ബി ഡിവൈഎസ്പി സംഭവം അന്വേഷിച്ചു. സിഐ വിശ്വംഭരനും എസ്ഐയ്ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും പൊലീസ് സേനയ്ക്ക് തന്നെ ഇവരുടെ പ്രവര്‍ത്തി കളങ്കമായെന്നും റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സിഐയെ സംരക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരാതിക്കാരനായ രാജീവ് ഒരു സന്നദ്ധ സംഘടനുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. രസീത് ചോദിച്ചതിന് സ്റ്റേഷനില്‍ കെട്ടിയിട്ടതും ഉപദ്രവിച്ചതും കാടത്തമാണെന്ന് കോടതി പറഞ്ഞു. സംഭവം ഞെട്ടലുണ്ടാക്കുന്നു. ചിന്തിക്കാവുന്നതിനപ്പുറമാണ് തെൻമലയില്‍ നടന്നത്. കൊല്ലം ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ട് എന്ത് നടപടി എടുത്തെന്ന് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ദേവൻ രാമൻചന്ദ്രന്‍ ഉത്തരവിട്ടിരുന്നു.