
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ പൊലീസ് കേസെടുത്തു. കുറിപ്പ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സിന്ധു സൂര്യകുമാറിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ ഫേസ്ബുക്ക് കുറിപ്പിനെതിരെ വിമര്‍ശനമുയര്‍ത്തിയവരെ പോലും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സുദീപിന്റെ ഭാഗത്ത് നിന്നും തുടര്‍ന്നും ഉണ്ടായത്.
2023 ജുലൈ മൂന്നിനാണ് കേസിന് ആസ്പദമായ പോസ്റ്റ് മുന്‍ സബ് ജഡ്ജ് എസ് സുദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ് നല്‍കിയ പരാതിയിലാണ് ഐപിസി 354 എ (1), ഐ ടി ആക്ടിലെ 67 വകുപ്പുകള്‍ പ്രകാരം ജുലൈ 21-ന് തിരുവനന്തപുരം കന്‍േറാണ്‍മെന്റ് പൊലീസ് കേസ് എടുത്തത്.
പരാതിയില്‍ പൊലീസ് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ കേസിനാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത് എസ് സുദീപിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വിവിധ വിഷയങ്ങളില്‍ എസ് സുദീപ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങള്‍ നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് 2021-ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നത്.
ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ് സുദീപിനെതിരെ 2019 ഡിസംബറിലാണ് ഹൈക്കോടതി അന്വേഷണം ആരംഭിച്ചത്. 2020 -ല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നു. 2021-ല്‍ സുദീപിന് സബ് ജഡ്ജി സ്ഥാനം രാജി വച്ച് ഒഴിയേണ്ടി വന്നു. സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു സുദീപ് രാജി വച്ച് ഒഴിഞ്ഞത്. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam