Mofiya Parveen Suicide Case : കോണ്‍ഗ്രസുകാർക്കെതിരായ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു

By Web TeamFirst Published Dec 16, 2021, 5:54 PM IST
Highlights

റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും  പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.  റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 
 


കൊച്ചി: മൊഫിയ പര്‍വീണ്‍ (Mofiya Parveen)  ആത്മഹത്യാക്കേസില്‍ സമരം ചെയ്ത  കോണ്‍ഗ്രസ് (Congress) പ്രവർത്തകർക്കെതിരെ  നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് (Kerala Police) പിന്‍വലിച്ചു.  റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും  പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.  റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ തെറ്റുതിരുത്തല്‍  പരമ്പരയിലാണ് ആലുവ പൊലീസ്. ഒരു സിഐയും രണ്ട് എസ് ഐമാരും ഇതുവരെ സസ്പെന്‍ഷനിലായി. ആലുവ പൊലീസ് സ്റ്റേഷനുള്ളില്‍ കോൺഗ്രസ് നടത്തിയ മൂന്ന് ദിവസത്തെ സമരത്തിനിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇതുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തു. പ്രാദേശിക കോൺ​ഗ്രസ് നേതാക്കളായ അല്‍ അമീന്‍,നജീബ്, അനസ് എന്നിവരെ കേസില്‍ അറസ്റ്റ്  ചെയ്തു . ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റിമാന്‍ഡ‍് റിപ്പോർട്ടിലാണ് പ്രതികള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് ആദ്യം  റിപ്പോര്‍ട്ട് നല്‍കിയത്. 

ജലപീരങ്കിക്ക് മുകളില് കയറി കൊടി നാട്ടിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് പിന്നിൽ ഏതെങ്കിലും  തരത്തിലുള്ള തീവ്രവാദ ബന്ധം  ഉണ്ടെന്ന് സംശമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമർശം. കോണ്‍ഗ്രസ് വൻ പ്രതിഷേധവുമായി രംഗത്തെത്തി. ​ഗൂഢലക്ഷ്യത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ എഴുതിവെച്ചതെന്ന് ഡിജിപിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് രണ്ട് എസ്ഐമാരെ സസ്പെന‍്‍റ് ചെയ്തു. എന്നിട്ടും  വിവാദ പരാമര്‍ശം അടങ്ങിയ റിപ്പോര്‍ട്ട് പിൻവലിക്കാൻ തയ്യാറായില്ല.  തുടര്‍ന്ന് അന‍വര്‍ സാദത്ത് എം എൽ എ മുഖ്യന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോൾ വിവാദപരാമര്‍ശങ്ങള്‍ പിന്‍വലിച്ചു കൊണ്ട്  പുതിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ക്ക് പിശക് സംഭവിച്ചതാണെന്നാണ്  ന്യായികരണം . റിമാന്റ് റിപ്പോര്‍ട്ട് തിരുത്തി നല്‍കാൻ കോടതി അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

click me!