മണല്‍ മാഫിയയുമായി ഒത്തുകളിച്ച് പൊലീസ്; അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍

By Web TeamFirst Published Sep 19, 2019, 10:53 AM IST
Highlights

പൊലീസ് കൈകാണിച്ചെങ്കിലും  മണല്‍ ലോറി നിര്‍ത്തിയില്ലെന്ന് മാത്രമല്ല പൊലീസുകാരുടെ വാഹനം ഇടിച്ചിടുകയും ചെയ്തു.

മലപ്പുറം: മലപ്പുറം മമ്പറത്ത് മണല്‍മാഫിയയെ സഹായിക്കാന്‍ പൊലീസിന്‍റെ ഒത്തുകളി. പൊലീസ് വാഹനത്തെ ഇടിച്ചിട്ട മണല്‍ ലോറി ഉടമയില്‍ നിന്ന് പൊലീസ് അരലക്ഷം രൂപ  കൈക്കൂലി വാങ്ങി. പൊലീസ് വാഹനത്തെ ഇടിച്ചിട്ടും കേസുമെടുത്തിട്ടില്ല. മലപ്പുറം എസ്‍പിയുടെ സ്ക്വാഡാണ് പണം വാങ്ങിയത്. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. മലപ്പുറം എസ് പി യു അബ്ദുള്‍ കരീം നിയോഗിച്ച നാലംഗ സ്ക്വാഡാണ് ബൈക്കില്‍‍ പരിശോധനക്കായി പോയത്. പൊലീസ് കൈകാണിച്ചെങ്കിലും  മണല്‍ ലോറി നിര്‍ത്തിയില്ലെന്ന് മാത്രമല്ല പൊലീസുകാരുടെ വാഹനം ഇടിച്ചിടുകയും ചെയ്തു. പിന്നീട് ഇവര്‍ പൊലീസുകാരെ ബന്ധപ്പെട്ടെന്നാണ് നമുക്ക് ലഭിക്കുന്ന വിവരം. ഇതനുസരിച്ച് ഇവര്‍ ആദ്യം 40,000 രൂപയുമായി എത്തി. ഈ തുക മതിയാവില്ലെന്ന് പൊലീസ് പറഞ്ഞതോടെ ഇവര്‍ തുക 50,000 ആയി ഉറപ്പിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിന് പണം കൈമാറുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചന്വേഷിച്ചപ്പോള്‍ മാത്രമാണ് എസ് പി സംഭവം അറിഞ്ഞതും അന്വേഷണം നടത്തിയതും. ഈ സ്ക്വാഡിനെ തിരികെവിളിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തതായും പെരിന്തല്‍മണ്ണ ഡിവൈഎസ്‍പിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചതായും എസ്‍പി അറിയിച്ചു.

മലപ്പുറത്ത് പൊലീസുകാര്‍ക്കു നേരെ മണല്‍മാഫിയയുടെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമല്ല. മണല്‍ മാഫിയയെ വേട്ടയാടുന്നതിനിടെ  നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. 2015ല്‍ മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേ് ശരീരം തളര്‍ന്ന  എസ് ഐ രാജന്‍റെ   അവസ്ഥയും ഏറെ ചര്‍ച്ചയായിരുന്നു. 
 

"

click me!