യുഎൻഎ തിരിമറി: ജാസ്മിൻഷായ്ക്ക് എതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ

Published : Sep 19, 2019, 10:17 AM ISTUpdated : Sep 19, 2019, 03:05 PM IST
യുഎൻഎ തിരിമറി: ജാസ്മിൻഷായ്ക്ക് എതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ

Synopsis

യുഎൻഎ ദേശീയ പ്രസിഡന്‍റായ ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് അടക്കമുള്ള പ്രതികൾക്ക് എതിരെയാണ് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ. 

തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍റെ ഫണ്ട് തിരിമറി നടത്തിയെന്ന കേസിൽ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നേരത്തേ വാർത്താ മാധ്യമങ്ങളിലടക്കം ഇവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്.

ജാസ്മിൻ ഷാ അടക്കമുള്ള നാല് പ്രതികൾ ജൂലൈ 19 ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഖത്തറിലേക്ക് പോയിരുന്നു. ഇവർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങുകയാണെങ്കിൽ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്. 

പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് നേരത്തേ ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു. 

നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. 

യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍  നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷായ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നത്. ഇതിനെതിരെ പിന്നീട് കേസും റജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിനെതിരെയാണ് ജാസ്മിന്‍ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഎന്‍എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു. 

എന്നാൽ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎന്‍എ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ വാദിച്ചു. എതിര്‍വിഭാഗത്തിന്‍റെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്. 

എന്നാൽ ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ജാസ്മിന്‍ ഷായും സംഘവും കേസ് നടത്തുന്നതെന്നും ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് ഷാ നടത്തിയതെന്നും കേസ് നൽകിയ സിബി മുകേഷ് ആരോപിച്ചിരുന്നു. 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ