
കൊച്ചി: കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കു൦. കളമശ്ശേരി പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. നടിയുമായി പൊലീസ് സ൦സാരിച്ചു. നടി തയ്യാറെങ്കിൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും നടി കുറിച്ചു. സംഭവം പുറത്ത് വന്നതോടെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകിയിരുന്നു.
നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
'സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാൻ പറ്റിയില്ല. നേരിട്ട അനുഭവത്തിന്‍റെ ആഘാതത്തിൽ മനസ് ശൂന്യമായിപ്പോയി. ഇപ്പോൾ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകൾ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ തളർത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവർ സാധാരണ പോലെ നടന്നുപോയി.
ഇനിയും അവർ ഇത്തരത്തിൽ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോൾ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകൾക്ക് എന്നേക്കാൾ ധൈര്യമുണ്ടാകട്ടെ ' എന്നായിരുന്നു നടി സോഷ്യൽ മീഡിയിൽ കുറിച്ചത്. സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവർത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam