കാസര്‍ഗോഡ് കൂടുതല്‍ നിയന്ത്രണങ്ങള്‍: എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു

By Web TeamFirst Published Nov 9, 2019, 10:04 AM IST
Highlights

സുരക്ഷാചുമതല വിവിധ ഡിവൈഎസ്പിമാര്‍ക്കായി വിഭജിച്ചു നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ മദ്യശാലകളും പടക്കം വില്‍ക്കുന്ന കടകളും പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരേയും നിയമിച്ചു. 

കാസര്‍ഗോഡ്: അയോധ്യ കേസിലെ വിധി പ്രസ്താവത്തിന് മുന്നോടിയായി കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷ ഇരട്ടിയാക്കി പൊലീസ്. ഇന്നലെ അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് നാല് കമ്പനി പൊലീസ് സേനയെ ജില്ലയില്‍ അധികമായി വിന്യസിച്ചിട്ടുണ്ട്. 

സുരക്ഷാചുമതല വിവിധ ഡിവൈഎസ്പിമാര്‍ക്കായി വിഭജിച്ചു നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ മദ്യശാലകളും പടക്കം വില്‍ക്കുന്ന കടകളും പൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരേയും നിയമിച്ചു. 

നിലവില്‍ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

നവംബര്‍ 11-ാം തീയതി വരെയാണ് ഈ സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവ പരിപാടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും പരിപാടികള്‍ക്ക് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കുമെന്നും ജില്ലാ കളക്ടര്‍ ഡി.സജിത്ത് ബാബു അറിയിച്ചു.

click me!