'ദിലീപില്‍ നിന്ന് എത്ര തുക കൈപ്പറ്റി', ഹാക്കര്‍ സായ് ശങ്കറിന്‍റെ അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

Published : Mar 21, 2022, 12:26 PM ISTUpdated : Mar 21, 2022, 01:11 PM IST
'ദിലീപില്‍ നിന്ന് എത്ര തുക കൈപ്പറ്റി', ഹാക്കര്‍ സായ് ശങ്കറിന്‍റെ അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു

Synopsis

സായിയുടെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500  രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് താമസിച്ചിരുന്നത്. ഉച്ചയൂണിന്  ചെലവഴിച്ചത് 1700 രൂപയാണ്.

കൊച്ചി: വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ (Dileep) ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായ് ശങ്കറിന്‍റെ (Sai Shankar) അക്കൌണ്ടുകള്‍ പരിശോധിക്കുന്നു. ദിലീപില്‍ നിന്ന് ഇയാള്‍ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്‍റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500  രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്. കേസിൽ പൊലീസ് പീഡനം ആരോപിച്ച്  സായ് ശങ്കർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി.

അതേസമയം സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കർ കോഴിക്കോട് സ്വദേശി മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിൻഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോൾ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്. സായ് ശങ്കറിന് നിലവിൽ തോക്ക് ലൈസൻസ് ഇല്ല. എന്നാൽ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന്  മിൻഹാജ് പറയുന്നു. 

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്‍റെ ഫോണുകൾ. ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുൻപ് സ്വകാര്യ ഹാക്കർ സായ് ശങ്കറിന്‍റെ സഹായത്തോടെ വിവരങ്ങൾ നശിപ്പിച്ചെന്ന്  ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്‍റെ ഐ ഫോൺ സായ് ശങ്കറിന്‍റെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകിൽ ലോഗിന്‍ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാന്‍ എസ്സയെ ചോദ്യം ചെയ്തിരുന്നു. തന്‍റെ ഐഡി ഉപയോഗിച്ച് സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ്സ മറുപടി നൽകിയത്.

ദിലീപിന്‍റെ ഫോണിൽ നിന്ന് നീക്കിയ ചില വിവരങ്ങൾ സായ് ശങ്കര്‍ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഹാക്കറിന്‍റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഫോണുകൾ, ഐപാട് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു.  സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ലക്ഷണമുണ്ടെന്ന് പറഞ്ഞ് ഹാജരായിട്ടില്ല.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും