മരിച്ച കോൺഗ്രസ് നേതാവിന്‍റെ വിവരങ്ങൾ തേടി പൊലീസ്, ജോളിയുമായി പണമിടപാട് നടത്തി?

By Web TeamFirst Published Oct 7, 2019, 11:41 AM IST
Highlights

 വസ്തു വിറ്റ വകയില്‍  രാമകൃഷ്ണന് കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തിട്ടുണ്ടെന്ന് മകന്‍ പറയുന്നു. 

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല അന്വേഷണം പൊന്മറ്റം തറവാടിന് പുറത്തേക്ക് നീളുന്നു. കഴിഞ്ഞ രണ്ട് മാസമായി ജോളിയെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടത്തായി ഗ്രാമത്തിന് പുറത്തേക്ക് നീളുന്ന ജോളിയുടെ ബന്ധങ്ങളിലേക്ക് പൊലീസ് അന്വേഷണം നടത്തുന്നത്.

കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ണിലേതിൽ രാമകൃഷ്ണന്‍റെ മരണം സംബന്ധിച്ച വിവരങ്ങള്‍ ഇതിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. രാമകൃഷ്ണന്‍റെ വീട്ടിലെത്തിയാണ് പൊലീസ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. അതേസമയം രാമകൃഷ്ണന്‍റെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്നും എന്നാല്‍ ഭൂമി വിറ്റ വകയില്‍ അച്ഛന് കിട്ടിയ 55 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്നും രാമകൃഷ്ണന്‍റെ മകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. 

പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാമകൃഷണന്‍ 2016 മെയ് 17-നാണ് മരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു മരണം. അന്നേ ദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായില്‍ നിന്ന് വെള്ളം പുറത്ത് വന്ന് രാമകൃഷ്ണന്‍ മരണപ്പെടുകയാണ് ചെയ്തത്. 62 വയസായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരുന്ന രാമകൃഷ്ണന്‍ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും വളരെ സജീവമായിരുന്നു. 

അതേസമയം രാമകൃഷ്ണന്‍റെ മരണത്തില്‍ യാതൊരു ദുരൂഹതയും കുടുംബത്തിന് ഇല്ല. ഹൃദയാഘാതം മൂലമാണ് രാമകൃഷ്ണന്‍ മരണപ്പെട്ടതെന്നാണ് കുടുംബ വിശ്വസിക്കുന്നത്. ഇതേ സംബന്ധിച്ച് രാമകൃഷ്ണന്‍റെ മകനോ ഭാര്യയോ എവിടെയും പരാതിയുമായി പോയിട്ടില്ലെങ്കിലും കൂടത്തായി കൂട്ടക്കൊല അന്വേഷണത്തിനിടയില്‍ മുഖ്യപ്രതി ജോളിയേയും രാമകൃഷ്ണനുമായി ബന്ധിപ്പിക്കുന്ന ചില വിവരങ്ങള്‍ അന്വേഷണത്തിന് സംഘത്തിന് ലഭിക്കുകയും തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം രാമകൃഷ്ണന്‍റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു. 

രാമകൃഷ്ണന്‍റെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നും എന്നാല്‍ 2008- മുതല്‍ രാമകൃഷ്ണന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികളടക്കം നിരവധി വസ്തുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. ഇക്കാലയളവില്‍ ഒരിടത്തെ വസ്തു വിറ്റ വകയില്‍ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തിട്ടുണ്ടെന്ന് മകന്‍ പറയുന്നു. 

കോഴിക്കോട് എന്‍ഐടിയിലെ ലക്ച്ചര്‍ ആണെന്ന് പറഞ്ഞ ദീര്‍ഘകാലം ജോളി കുടുംബക്കാരെ കബളിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ എന്‍ഐടിയിലേക്ക് ആണെന്ന് പറഞ്ഞ് വ്യാജഐഡി കാര്‍ഡുമായി പുറപ്പെടുന്ന ജോളി. കുന്ദമംഗലം എന്‍ഐടിക്ക് അടുത്തുള്ള ഒരു ബ്യൂട്ടിപാര്‍ലറിലായിരുന്നു തങ്ങിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. 

ഈ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നത് സുലേഖ എന്ന സ്ത്രീയായിരുന്നു. ഈ ബ്യൂട്ടിപാര്‍ലര്‍ പൂട്ടി സുലേഖ ഇപ്പോള്‍ മഞ്ചേരിയിലോ മറ്റോ ആണ് ഉള്ളത് എന്നാണ് വിവരം. ഈ സുലേഖയുമായി രാമകൃഷ്ണന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുകള്‍ പറയുന്നു. സുലേഖയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടങ്ങിയതായാണ് സൂചന. 

click me!