കാലിക്കറ്റ് സർവ്വകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവം; പൊലീസ് അന്വേഷണത്തിന് ഉത്തരവ്

By Web TeamFirst Published Oct 5, 2019, 10:22 AM IST
Highlights

വിദൂരപഠന വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തിൽ സർവ്വകലാശാലയിലെ പരീക്ഷാഭവനിൽ നിന്നും കാണാതായത്. 

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാഭവനിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവം പൊലീസ് അന്വേഷിക്കും. പൊലീസിന് അന്വേഷണം കൈമാറാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. ‌തേഞ്ഞിപ്പലം പൊലീസിനാണ് അന്വേഷണത്തിന്റെ ചുമതല. പരീക്ഷാ കൺട്രോളർ ഡോ. പി ശിവദാസൻ പൊലീസ് അന്വേഷണത്തിന് നേരത്തെ ശുപാർശ ചെയ്തിരുന്നു. അതേസമയം, ആഭ്യന്തര അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

വിദൂരപഠന വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പതിനേഴ് ഉത്തരക്കടലാസുകളാണ് ദുരൂഹ സാഹചര്യത്തിൽ സർവ്വകലാശാലയിലെ പരീക്ഷാഭവനിൽ നിന്നും കാണാതായത്. മൂല്യ നിർണയത്തിനായി അധ്യാപകർക്ക് അയക്കാനുള്ള ഉത്തരക്കടലാസുകൾ ഫോൾസ് നമ്പർ ചേർത്ത ശേഷം അടുക്കിവച്ച കെട്ടിൽ നിന്നും കാണാതാവുകയായിരുന്നു.

Read More: കാലിക്കറ്റ് പരീക്ഷാഭവനിൽനിന്ന് പതിനേഴ് ഉത്തരക്കടലാസുകൾ കാണാതായി

അസൽ നമ്പർ കീറിയെടുക്കാൻ ഉദ്യോഗസ്ഥർ പരീക്ഷ കടലാസുകൾ പരിശോധിച്ചപ്പോഴാണ് പേപ്പറുകളിൽ എണ്ണക്കുറവ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആദ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജോയിന്റ് കൺട്രോളർ കെ പി വിജയൻ, ജോയിറന്റ് റജിസ്ട്രാർ പിപി അജിത എന്നിവർക്കായിരുന്നു ആദ്യന്തര അന്വേഷണത്തിന്റെ ചുമതല.

സർവ്വകലാശാലയിൽ നിന്ന് മുൻപും ഇത്തരത്തിൽ ഉത്തരകടലാസുകളും ബിരുദ സർട്ടിഫിക്കറ്റുകളും കാണാതായിയിട്ടുണ്ട്. അന്നൊക്കെ പുനഃപരീക്ഷ നടത്തിയാണ് ഉദ്യോഗസ്ഥർ തടിയൂരിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി എടുക്കാനാണ് സർവകലാശാലയുടെ നീക്കം.  

Read Also: കാലിക്കറ്റ് സർവ്വകലാശാലയിൽ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; അന്വേഷണമുണ്ടാകുമെന്ന് അധികൃതർ

അതേസമയം, സർവ്വകലാശാലയിൽ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യാൻ ആധുനിക ഇലക്ട്രോണിക് സംവിധാനമൊരുങ്ങുകയാണ്. വീണ്ടും ഉത്തരക്കടലാസ് കാണാതായ സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് എൻഐടിയിൽ തയ്യാറാക്കുന്ന സംവിധാനം ഉടൻ സർവ്വകലാശാലയിൽ നടപ്പാക്കി തുടങ്ങും. 

Read More: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ ഇനി ഇലക്ട്രോണിക് സംവിധാനത്തിൽ കൈകാര്യം ചെയ്യും

click me!