പൊലീസുകാരന്‍ കുമാറിന്‍റെ ആത്മഹത്യ; ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കാന്‍ തുടങ്ങി

By Web TeamFirst Published Aug 4, 2019, 10:00 AM IST
Highlights

ക്യാമ്പിൽ വച്ച് മേലുദ്യോഗസ്ഥർ കുമാറിനെ പല വട്ടം ക്രൂരമായി മർദ്ദിച്ചിരുന്നു. കുമാറിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നതായും സജിനി പറഞ്ഞു.

പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിൽ ഭാര്യ സജിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നും എസ്‍സി‍എസ്‍ടി കമ്മീഷൻ മൊഴിയെടുക്കാൻ തുടങ്ങി. കുമാറിന്റെ ആത്മഹത്യക്ക് കാരണം ജാതിവിവേചനമാണെന്ന് ഭാര്യ സജിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‍സി‍എസ്‍ടി കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.

രാവിലെ ഒമ്പത് മണിക്കുള്ളിൽ കുമാറിന്റെ ഒറ്റപ്പാലത്തെ ബന്ധുവീട്ടിലെത്തിയാണ് എസ്‍സി‍എസ്‍ടി കമ്മീഷൻ അം​ഗം എസ് അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കാൻ തുടങ്ങിയത്. കുമാറിന്റെ മരണം കൊലപാതകമാണെന്ന് എസ്‍സി‍എസ്‍ടി കമ്മീഷന് മുമ്പാകെ സജിനി മൊഴി നൽകി. ക്യാമ്പിൽ വച്ച് മേലുദ്യോഗസ്ഥർ കുമാറിനെ പല വട്ടം ക്രൂരമായി മർദ്ദിച്ചിരുന്നു. കുമാറിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നതായും സജിനി പറഞ്ഞു.

സസ്പെൻഷനിലായ പൊലീസുകാർ മാത്രമല്ല കുമാറിനെ ഉപദ്രവിച്ചിരുന്നത്. കുമാറിനെ കൊന്ന് റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇട്ടതാണെന്നും കുടുംബം സംശയിക്കുന്നുണ്ട്. കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ തങ്ങൾക്ക് തന്നിട്ടില്ലെന്നും സജിനി ഉദ്യോ​ഗസ്ഥരോട് വെളിപ്പെടുത്തി. അതേസമയം, കേസിൽ എ ആർ ക്യാമ്പിലെ കൂടുതൽ പൊലീസുകാരിൽ നിന്ന് മൊഴിയെടുക്കുമെന്ന് കമ്മീഷൻ എസ് അജയകുമാർ പറഞ്ഞു. എ ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡിനെ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 25-നാണ് കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് കുമാറിന്‍റെ വീട്ടുകാരുടെ പരാതിയിന്മേൽ തൃശ്ശൂർ റേഞ്ച് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ കല്ലേക്കാട്ടെ എ ആർ ക്യാമ്പിലെത്തിയും ആരോപണവിധേയരായ പൊലീസുകാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.     

click me!