
ദില്ലി:പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസാകരുതെന്ന് കർശന നിർദ്ദേശവുമായി സുപ്രിം കോടതി.വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണ് . ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് ഉത്തരവ് .ഗുജറാത്തിൽ സദാചാര പൊലീസിംഗിൻ്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്
ഡ്യൂട്ടിക്കിടെ സദാചാര പൊലീസ് ചമഞ്ഞ് കമിതാക്കളെ ശല്യപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടനടപടി ശരിവെച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാനനീരീക്ഷണം. 2001ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സന്തോഷ് കുമാർ പാഡെ എന്ന CISF ഉദ്യോഗസ്ഥൻ വഡോദരയിലെ തന്റെ ഡ്യൂട്ടിക്കിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഹേഷ് ബി ചൌധരിയെയും പ്രതിശ്രുത വധുവിനെയും തടഞ്ഞ് നിർത്തി. പിന്നാലെ ഇവരെ അധിക്ഷേപിച്ച് സംസാരിക്കുകയും വിട്ടയ്ക്കണമെങ്കിൽ പ്രതിശ്രുത വധുവിനെ തനിക്കൊപ്പം അൽപസമയം വിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചൌധരി ഇതിന് തയ്യാറാകാതെ വന്നതോടെ ഇയാളുടെ കൈവശമുള്ള വിലകൂടിയ വാച്ച് കൈക്കലാക്കിയ ശേഷം ഇരുവരെയും വിട്ടയച്ചു. ഇതിനെതിരെ ചൌധരി നൽകിയ പരാതിയിൽ പിന്നീട് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു.
എന്നാൽ ഇത് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് എത്തിയ ഹർജിയിലാണ് സുപ്രീം കോടതി കർശന നിർദ്ദേശങ്ങൾ നൽകിയത്. ഒരു വ്യക്തിയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് ശാരീരീകവും ഭൌതികവുമായ സൌജന്യങ്ങൾ ആവശ്യപ്പെടുന്നത് തെറ്റാണെന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്ന പൊലീസുകാർക്ക് എതിരെ കർശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതിക്ക് കേസിൽ പിഴവ് സംഭവിച്ചെന്നും സുപ്രീം കോടതി നീരീക്ഷിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam