Latest Videos

മാനവീയത്തിലെ നൈറ്റ് ലൈഫിന് വിലങ്ങിട്ട് പൊലീസ്; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദ്ദേശിക്കും

By Web TeamFirst Published Nov 8, 2023, 11:05 AM IST
Highlights

രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ തീരുമാനം.

തിരുവനന്തപുരം: മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്. മാനവീയത്തിൽ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നാണ് ശുപാർശ. രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ തീരുമാനം. 

കേരളീയത്തിന്‍റെ സമാപന ദിവസമായ ഇന്നലെയാണ് വീണ്ടും സംഘർഷമുണ്ടായതിന് പിന്നാലെ നൈറ്റ് ലൈഫിൽ പിടിമുറുക്കുകയാണ് പൊലീസ്. ഇനി പത്ത് മണി വരെ മാത്രമേ മൈക്കും വാദ്യോപകരണങ്ങളും ഉപയോഗിക്കാനാവൂ എന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. മാനവീയം വീഥിയിലെ സ്ഥിരം കലാകാരന്മാരും അക്രമിസംഘങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് ആവശ്യപ്പെടുന്നു. 

കേരളീയം കഴിഞ്ഞതിനാൽ മാനവീയം വീഥിയില്‍ തിരക്ക് കുറയുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഒരാൾക്ക് ഉച്ച ഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മാനവീയം വീഥിയില്‍ സുരക്ഷ കൂടുതൽ കാര്യക്ഷമാക്കുമെന്നും പൊലീസ് അറിയിച്ചു. കന്റോമെന്‍റെ അസി. കമ്മീഷണറാണ് കമ്മീഷണർക്കാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്. 

click me!