കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും കുടിയിറക്കിയ സംഭവം: പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്

By Web TeamFirst Published Jan 1, 2021, 12:58 PM IST
Highlights

പുറമ്പോക്കില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ് ഉള്‍പ്പടെ അയല്‍ക്കാര്‍ പൊളിച്ചു മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കലിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കഴക്കൂട്ടത്ത് നിന്നും മനസാക്ഷിയില്ലാത്ത മറ്റൊരു ഒഴിപ്പിക്കല്‍...
 

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്ത്രീയേയും കുട്ടികളേയും ഒഴിപ്പിച്ച് ഷെഡ് പൊളിച്ചു മാറ്റിയ സംഭവത്തില്‍ ഇതുവരെ കേസെടുക്കാതെ കഴക്കൂട്ടം പൊലീസ്. വീട്ടില്‍ കയറി അതിക്രമം കാട്ടിയതിന് പരാതി നല്‍കി രണ്ടാഴ്ചയായിട്ടും ഇതുവരെയും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് വരികയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

പുറമ്പോക്കില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ് ഉള്‍പ്പടെ അയല്‍ക്കാര്‍ പൊളിച്ചു മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ കുടിയൊഴിപ്പിക്കലിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കഴക്കൂട്ടത്ത് നിന്നും മനസാക്ഷിയില്ലാത്ത മറ്റൊരു ഒഴിപ്പിക്കല്‍ വാര്‍ത്ത പുറത്ത് വരുന്നത്. കഴക്കൂട്ടം സൈനിക നഗറിലെ എച്ച് ബ്ലോക്കിലായിരുന്നു ടാര്‍പോളിന്‍ ഷീറ്റ് കെട്ടി സുറുമിയും വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍മക്കളും കൂരയൊരുക്കിയിരുന്നത്.

ഈ മാസം 17 നായിരുന്നു അയല്‍ക്കാരായ ഷംനാദും ദില്‍ഷാദും ഇവരുടെ കൂര പൊളിച്ചു മാറ്റിയത്. മാരകായുധങ്ങളുമായി എത്തിയ ഇരുവരും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പിടിച്ച് തള്ളുകയും ചെയ്തു. വില്‍ക്കാനിട്ടിരിക്കുന്ന സമീപത്തെ സ്ഥലത്തിന് വഴിയൊരുക്കാനായിരുന്നു ഇവരെ കുടിയൊഴിപ്പിച്ചതെന്നാണ് ആക്ഷേപം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുറുമിയും മക്കളും വീട് വിട്ട് ഇവിടെ എത്തിയത്. ഏഴ് വര്‍ഷമായി ഇതേ സ്ഥലത്തായിരുന്നു ഇവരുടെ താമസം.

click me!