
കൊച്ചി: സിറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതിയില്‍ കർദിനാളിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്. സമാന ആരോപണത്തില്‍ മറ്റൊരു കേസ് നിലനില്‍ക്കേ രണ്ടാമതും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിലാണ് അവ്യക്തത. നിയമോപദേശം കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നാണ് വിശദീകരണം.
ഭൂമി വില്‍പ്പനയില്‍ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി നല്‍കിയ ഹർജി പരിഗണിച്ചാണ് കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവരടക്കം 26 പേർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് നിർദേശം നല്‍കിയത്. എന്നാല്‍, ഉത്തരവിറങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസ് അനങ്ങിയിട്ടില്ല.
കേസിനെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി, കമ്മീഷണർ ഐജിയുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നാണ് പ്രതികരണം. കേസില്‍ നിയമോപദേശം തേടിയശേഷമാകും തുടർ നടപടി. സമാന ആരോപണത്തില്‍ കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍, നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ കേസിലെ തുടർനടപടികള്‍ ഇപ്പോള്‍ മേല്‍ക്കോടതികളുടെ പരിഗണനയിലാണ്. സമാന ആരോപണത്തില്‍ രണ്ട് എഫ്ഐആർ നിലനില്‍ക്കില്ല എന്നതിനാലാണ് പൊലീസ് നിയമോപദേശം തേടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam