'എന്തിനാടീ പൂങ്കൊടിയേ...'; ദുരിതാശ്വാസ ക്യാമ്പില്‍ ആശ്വാസമായി പൊലീസിന്റെ നാടന്‍ പാട്ട്

By Web TeamFirst Published Aug 14, 2019, 3:05 PM IST
Highlights

സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്തിനാടീ പൂങ്കൊടിയേ എന്ന ഗാനം യൂണിഫോമിൽ തന്നെ പാടിയപ്പോൾ കേട്ടിരുന്ന അമ്മമാർക്കും കുട്ടികൾക്കും ആവേശമായി.

തൃശ്ശൂർ: മൂകതയിലാണ്ട ദുരിതാശ്വാസ ക്യാമ്പിനെ ഊർജ്ജസ്വലമാക്കി ആളൂർ പൊലീസിന്റെ നാടൻ പാട്ട്. തൃശ്ശൂർ വെള്ളാ‍ഞ്ചിറ ഫാത്തിമ മാതാ എല്‍ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആളൂർ പൊലീസ് ആശ്വാസവുമായെത്തിയത്. 

നാന്നൂറിലേറെ അന്തേവാസികളുള്ള ക്യാമ്പിലായിരുന്നു പൊലീസിന്റെ നാടൻ പാട്ട്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എന്തിനാടീ പൂങ്കൊടിയേ എന്ന ഗാനം യൂണിഫോമിൽ തന്നെ പാടിയപ്പോൾ കേട്ടിരുന്ന അമ്മമാർക്കും കുട്ടികൾക്കും ആവേശമായി. ശ്രീജിത്തിന്‍റെ നാടൻ പാട്ട് സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ക്യാമ്പിലുള്ളവര്‍ കയ്യടിച്ചും ചുവടുവെച്ചും ശ്രീജിത്തിന് പിന്തുണ നല്‍കുന്നതും വീഡിയോയില്‍ കാണാം. 

സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസമേകാൻ കസേരകളി ഉൾപ്പെടെ നിരവധി മത്സരങ്ങൾ ക്യാമ്പിൽ സംഘടിപ്പിച്ചിരുന്നു. അത്താഴത്തിന് ശേഷം അന്തേവാസികളും കലാപരിപാടികൾ അവതരിപ്പിച്ചു. തൃശ്ശൂർ റൂറൽ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.

click me!