
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ എഎസ്ഐ റോയ് പി വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ എം ജെയിംസ് എന്നിവർക്ക് ദേഹാസ്വാസ്ഥ്യം. ദേഹപരിശോധനയ്ക്കായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മൂന്നുപേരെയും ഇവിടെ തന്നെ ചികിത്സയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരും നാളെ രാവിലെ വരെ നിരീക്ഷണത്തിൽ തുടരും.
രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിക്കുന്നതിന് സഹായം ചെയ്ത നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് പിടിയിലായ മൂന്ന് പേരും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയശേഷം പ്രത്യേക അന്വേഷണ സംഘം മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ നേരത്തെ പിടിയിലായ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചത്. ഇവർക്ക് മർദ്ദനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തത് റോയ്, ജിതിൻ, ജെയിംസ് എന്നിവർ ചേർന്നാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച ദിവസങ്ങളിൽ നെടുങ്കണ്ടം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. 9 പൊലീസുകാർ ചേർന്നാണ് രാജ്കുമാറിനെ മർദ്ദിച്ചതെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ കൂട്ടുപ്രതി ശാലിനി വെളിപ്പെടുത്തിയിരുന്നു.
കേസിലെ ഒന്നാംപ്രതി എസ് ഐ സാബുവിന്‍റെ ജാമ്യാപേക്ഷയിൽ തൊടുപുഴ ജില്ല കോടതി നാളെ വിധി പറയും. രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്നാണ് സാബുവിന്‍റെ വാദം. രാജ്കുമാറിന്‍റെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നില്ലെന്നും ഇടുക്കി മജിസ്ട്രേറ്റിന് നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സാബുവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam