
കൊച്ചി: കേസ് അന്വേഷണത്തിനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മർദനം. സംഭവത്തില്‍ മട്ടാഞ്ചേരി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. അന്‍സല്‍ ഷാ, ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മയക്ക് മരുന്ന് വില്‍പന ഉള്‍പെടെയുള്ള കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു. മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് എത്തിയ ഡാന്‍സാഫ് ടീം അംഗങ്ങളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവര്‍ അക്രമിച്ചത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോയപ്പോഴും പ്രതികൾ അക്രമാസക്തരായി. പൊലീസുകാർ ഏറെ പ്രയാസപെട്ടാണ് ഇരുവരേയും ജീപ്പിൽ കയറ്റിയത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഒരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘം മട്ടാഞ്ചേരിയിലെത്തിയത്. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരോട് പുതിയ റോഡ് ജങ്ഷനിൽ വച്ച് അന്‍സല്‍ ഷായും ഷിനാസും തർക്കിച്ചു. പിന്നീടായിരുന്നു ആക്രമണം. പ്രതികളെ മട്ടാഞ്ചേരി പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയും ഇവര്‍ പ്രശ്നമുണ്ടാക്കി. ലഹരി വിൽപനയും മോഷണവും മയക്കുമരുന്ന് വിൽപനയും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. കാപ്പ ചുമത്തി തടവിലായിരുന്ന അൻസൽ ഷാ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്നിറങ്ങിയത്.
ജോലി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam