'എന്റെ പന്ത് കാണുന്നില്ല, കണ്ടെത്തി തരുമോ?' അതുലിന്റെ പരാതി പരിഹരിച്ച് പൊലീസ് ഉദ്യോ​ഗസ്ഥർ

By Web TeamFirst Published Feb 13, 2020, 9:45 AM IST
Highlights

വീടിനടുത്തുള്ള മൈതാനത്ത് കളിക്കാൻ വന്ന മുതിർന്ന കുട്ടികളാണ് അതുലിന്റെ പന്ത് എടുത്തുകൊണ്ടുപോയത്. വീട്ടുകാരോട് കാര്യം കരഞ്ഞുപറഞ്ഞിട്ടും ഫലമില്ലാതായതോടെ അതുൽ പോലീസിന്റെ സഹായം തേടുകയായിരുന്നു. ​


തൃശൂർ: പൊലീസുകാരെ കാണുമ്പോൾ ഭയന്നോടിയിരുന്ന കാലമൊക്കെ പൊയ്മറഞ്ഞു എന്ന് വേണം കരുതാൻ. കാരണം പൊലീസ് ഉദ്യോ​ഗസ്ഥരോട് കുട്ടികളുൾപ്പെടെയുള്ളവർ പ്രകടിപ്പിക്കുന്ന മമതയും വിശ്വാസവും വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ പുറത്ത് വന്ന വാർത്തയിൽ പോലീസിന്റെ സഹായം തേടിയെത്തിയത് ചീരക്കുഴി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരനായ അതുലാണ്. അതുലിന്റെ കാണാതായ പന്ത് തിരികെ ലഭിക്കാൻ കാരണമായത് പഴയന്നൂരിലെ പൊലീസ് ഉദ്യോ​ഗസ്ഥരും. 

വീടിനടുത്തുള്ള മൈതാനത്ത് കളിക്കാൻ വന്ന മുതിർന്ന കുട്ടികളാണ് അതുലിന്റെ പന്ത് എടുത്തുകൊണ്ടുപോയത്. വീട്ടുകാരോട് കാര്യം കരഞ്ഞുപറഞ്ഞിട്ടും ഫലമില്ലാതായതോടെ അതുൽ പോലീസിന്റെ സഹായം തേടുകയായിരുന്നു. ​ഗൂ​ഗിളിൽ സെർച്ച് ചെയ്ത് പഴയന്നൂർ പൊലീസ് സ്റ്റേഷന്റെ നമ്പർ കണ്ടെത്തി. പിന്നീട് അമ്മയുടെ ഫോണിൽ നിന്ന് സ്റ്റേഷനിലേക്ക് വിളിച്ച് പന്ത് നഷ്ടപ്പെട്ട വിവരം അറിയിച്ചു. പൊലീസ് വിവരം അന്വേഷിച്ചപ്പോൾ ഫുട്‌ബോൾ നഷ്ടപ്പെട്ട വിവരം അറിയിക്കാനാണ് വിളിച്ചതെന്നും അറിയാതെ മകൻ ചെയ്തതാണെന്നും അമ്മ പോലീസിനെ അറിയിച്ചു. 

ഫെബ്രുവരി ഒന്നാംതീയതിയാണ്  മുറ്റത്തുനിന്ന്‌ ഫുട്ബോൾ നഷ്ടപ്പെട്ടത്. വീട്ടിലെല്ലാവരും പുറത്തുപോയപ്പോഴാണ് സംഭവം. കഴിഞ്ഞ ബുധനാഴ്‌ചയാണ് പോലീസിനെ വിളിച്ച് അതുൽ പരാതിപ്പെട്ടത്. പരാതി അറിയിച്ച അതുൽ ഇടയ്ക്ക് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. അതുലിന്റെ സങ്കടം കണ്ടിട്ടാകാം എസ്.ഐ. ജയപ്രദീപ് പുതിയ ഫുട്‌ബോൾ വാങ്ങിനൽകാമെന്നു പറഞ്ഞു. പക്ഷേ തന്റെ പഴയ ഫുട്‌ബോൾ മതിയെന്നായിരുന്നു അതുലിന്റെ സങ്കടം നിറഞ്ഞ മറുപടി. അതോടെ പന്ത് കണ്ടെത്തി നൽകാമെന്ന് പോലീസ്‌ ഉറപ്പ് നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുള്ള സ്‌കൂളിലെ മുതിർന്ന വിദ്യാർഥികളാണ് ഫുട്‌ബോൾ എടുത്തതെന്നു മനസ്സിലായി. ഇവരെക്കൊണ്ടുതന്നെ പന്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു.

വിദ്യാർഥികളായതിനാൽ, കേസെടുക്കാതെ അവരുടെ അധ്യാപകരുടെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിച്ചു. തുടർന്ന് അതുലിനെയും അമ്മയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പന്ത് കൈമാറി. എ.എസ്.ഐ. പ്രദീപ്കുമാർ, ബിസ്മിത, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പന്ത് കണ്ടെത്തി?തും അതുലിന് തിരിച്ച് നൽകിയതും. സ്റ്റേഷനിലെത്തുന്ന എല്ലാ പരാതികളിലും പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് എസ്.എച്ച്.ഒ. എം. മഹേന്ദ്രസിംഹൻ പറഞ്ഞു. കോടത്തൂർ കോന്നംപ്ലാക്കൽ സുധീഷിൻറെയും പ്രിയയുടെയും മകനാണ് അതുൽ. സഹോദരി: ആത്മജ.
 

click me!