വനിതാ ജയില്‍ ചാടിയ തടവുകാരെ പിടികൂടിയ പൊലീസുകാർക്ക് പാരിതോഷികം

By Web TeamFirst Published Jun 28, 2019, 8:07 PM IST
Highlights

എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ സബ് ജയിലിൽ നിന്ന് തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പൊലീസ് സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അർപ്പണബോധം പരിഗണിച്ചാണിത്. 

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി കെ മനോജ്, പാലോട് എസ്ഐ എസ് സതീഷ് കുമാർ, പാങ്ങോട് എസ്ഐ ജെ അജയൻ, ഗ്രേഡ് എസ്ഐ എം ഹുസൈൻ, പാങ്ങോട് ഗ്രേഡ് എഎസ്ഐ കെ പ്രദീപ്, വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിസ്സാറുദീൻ ആർ എസ് എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക. എസ്ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസമാണ് ജയില്‍ ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും ജയില്‍ ചാടിയത്. ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. 

ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാങ്ങോട് സ്വദേശിയായ ശിൽപ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. 

അതേസമയം ആസൂത്രിതമായാണ് തങ്ങൾ ജയിൽ ചാടിയതെന്നാണ് യുവതികൾ പൊലീസിന് മൊഴി നൽകിയത്. ജയിൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ തയ്യൽ ക്ലാസിന് ശില്‍പ്പയും സന്ധ്യയും പോയിരുന്നു. ഇവിടെ നിന്ന് പരിസരം നിരീക്ഷിച്ച് മനസിലാക്കി. ബയോഗ്യാസ് പ്ലാന്‍റിന് സമീപത്തെ കമ്പിയിൽ സാരി ചുറ്റി അതില്‍ ചവിട്ടി ചാടുകയായിരുന്നു.

ജയില്‍ കാലാവധി നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്ന് യുവതികള്‍ പറഞ്ഞു. ആറുവര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. വേഗം പുറത്തിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ജയിൽ ചാടാൻ തീരുമാനിച്ചെന്നും യുവതികളുടെ മൊഴി.

click me!