'മന്ത്രി അതൃപ്തി അറിയിച്ചു, സസ്പെൻഡ് ചെയ്യുന്നു'; കമ്മീഷണറുടെ ഉത്തരവിനെതിരെ പി.രാജീവ്

By Web TeamFirst Published Aug 16, 2022, 7:20 PM IST
Highlights

താൻ അതൃപ്തി അറിയിച്ചതു കൊണ്ടാണ് അകമ്പടി വന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് എന്ന തരത്തിൽ ഉത്തരവ് ഇറക്കിയത് ശരിയായില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രിയുടെ റൂട്ട് തെറ്റിച്ചെന്ന പേരിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്ത ഉത്തരവിനെതിരെ പി.രാജീവ്. താൻ അതൃപ്തി അറിയിച്ചതു കൊണ്ടാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്ന് ഉത്തരവിറക്കിയത് ശരിയായില്ലെന്ന് പി.രാജീവ് പറഞ്ഞു. തന്റെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസാണെന്നും മന്ത്രി വ്യക്തമാക്കി. കണ്‍ട്രോള്‍ റൂമിലെ രണ്ട് പൊലീസുകാരുടെ സസ്പെൻഷൻ വിവാദമായിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടുറോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുത്ത സംഭവത്തിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. 

റൂട്ട് തെറ്റിച്ചെന്ന പേരിൽ സസ്പെൻഷൻ, പൊലീസ് സേനയിൽ പ്രതിഷേധം, നടപടിയാവശ്യപ്പെട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

ഗ്രേഡ് എസ്ഐ എസ്.എസ്.സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനായിരുന്നു നടപടി. മന്ത്രിയുടെ ഗണ്‍മാനായ സാബുവിന്‍റെ പരാതിയിലാണ് രണ്ട് പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. 

'മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കി'; പി രാജീവിന് എസ്കോർട്ട് പോയ ജീപ്പിലെ ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി, മറ്റൊരു വഴിക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്പെൻഡ് ചെയ്യുന്നത് നീതിയല്ലെന്ന വികാരം പൊലീസ് സേനയ്ക്കുള്ളിലുണ്ട്. വിശദീകരണം പോലും ചോദിക്കാതെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തത്.  മന്ത്രി നീരസം അറിയിച്ചതു കൊണ്ട് സസ്പെൻഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെ നടപടിക്ക് നിർദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു. ഇതിനിടെ, മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്ഐ സാബുരാജൻ ഇടംനേടിയിരുന്നു.   സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിച്ചത്.

click me!