Asianet News MalayalamAsianet News Malayalam

റൂട്ട് തെറ്റിച്ചെന്ന പേരിൽ സസ്പെൻഷൻ, പൊലീസ് സേനയിൽ പ്രതിഷേധം, നടപടിയാവശ്യപ്പെട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ്

പൊലീസുകാർക്കെതിരെ നടപടിയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിശദീകരിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.  
 

There is a huge controversy over the suspension of a policeman
Author
Trivandrum, First Published Aug 13, 2022, 9:27 PM IST

തിരുവനന്തപുരം: മന്ത്രി പി രാജീവിന്‍റെ റൂട്ട് തെറ്റിച്ചെന്ന പേരിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തതിൽ വൻ വിവാദം. തിരക്കും കുഴികളുമുള്ള റോഡ് ഒഴിവാക്കി, മറ്റൊരു വഴിയ്ക്ക് മന്ത്രിയുടെ വാഹനം കടത്തിവിട്ടതിന് സസ്പെൻഡ് ചെയ്യുന്നത് നീതിയല്ലെന്ന  വികാരമാണ് പൊലീസ് സേനയ്ക്കുള്ളിൽ. വിശദീകരണം പോലും ചോദിക്കാതെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തത്. എന്നാല്‍ നടപടിക്ക് നിർദ്ദേശിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.   പൊലീസുകാർക്കെതിരെ നടപടിയ്ക്ക് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വിശദീകരിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.  

മന്ത്രിയുടെ ഗണ്‍മാനായ സാബുവിന്‍റെ പരാതിയിലാണ് രണ്ട് പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയതെന്നാണ് വിവരം. കൺട്രോൾ റൂമിൽ വിളിച്ച ശേഷം ഒരു എഡിജിപിയെയും സാബു വിളിച്ചു. പിന്നാലെ നടപടി.  ഇതാണ് സേനയ്ക്കുള്ളിലെ അമർഷത്തിന് പ്രധാന കാരണവും. വിവാദത്തിനിടെയാണ് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പട്ടികയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ് ഐ സാബുരാജൻ ഇടംനേടിയത്. പൊലീസുകാരെ തള്ളിപ്പറയാതെയുള്ള നിലപാടാണ് മന്ത്രിയും ഇന്ന് സ്വീകരിച്ചത്. മന്ത്രി ഇന്നലെ നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം. എസ്കോർട്ട്, കൺട്രോൾ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഗ്രേഡ് എസ് ഐ സാബു രാജനും മറ്റൊരു സിപിഒ  സുനിലുമായിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പൊലീസ് സംഘടനകൾ.

മന്ത്രിയെ 'വട്ടംചുറ്റിച്ച' ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടം ചുറ്റിച്ചെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായി. ഗ്രേഡ് എസ് ഐ എസ് എസ് സാബു രാജനാണ് മെഡലിന് അര്‍ഹനായത്. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. മന്ത്രി പി രാജീവന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മീഷണർ സസ്പെൻസ് ചെയ്തത്. മന്ത്രി നീരസം അറിയിച്ചതുകൊണ്ട് സസ്പെൻഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം.

Follow Us:
Download App:
  • android
  • ios