
ഇടുക്കി: മറയൂരിൽ വാഹന പരിശോധനയ്ക്കിടെ പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിന്റെ നില ഗുരുതരമായി തുടരുന്നു. അജീഷിന്‍റെ തലയിൽ ഒരു ശസ്ത്രക്രിയ നടത്തി. അജീഷിനൊപ്പം പരിക്കേറ്റ എസ്എച്ച്ഒ രതീഷ് ആശുപത്രി വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വാഹന പരിശോധനയ്ക്കിടെ മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോളിനും എസ്എച്ച്ഒ രതീഷ് ജിഎസിനും ഗുരുതര മർദ്ദനമേറ്റത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഇരുവരെയും കോവിൽക്കടവ് സ്വദേശി സുലൈമാൻ മർദ്ദിക്കുകയായിരുന്നു.
കല്ലുകൊണ്ടുള്ള ആക്രമണത്തിൽ അജീഷ് പോളിന്‍റെ തലയോട്ടി തകർന്നു. ഇടത് ചെവിയ്ക്ക് പിറകിലായിട്ടാണ് പരിക്ക്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ ശസ്ത്രക്രിയയിൽ തകർന്ന തലച്ചോറിന്‍റെ ഒരു ഭാഗം നീക്കം ചെയ്തു. അജീഷ് അപകടനില തരണം ചെയ്തിട്ടില്ലെന്നും വെന്‍റിലേറ്ററിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. എസ്എച്ച്ഒ രതീഷിന്‍റെ തലയിൽ ആറ് തുന്നലുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ രതീഷ് ആശുപത്രി വിട്ടു.
അജീഷ് പോളിന് മൂന്ന് ലക്ഷം രൂപയും രതീഷിന് 50,000 രൂപയും അടിയന്തര ചികിത്സ സഹായമായി പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് അനുവദിച്ചു. ഇരുവരുടെയും ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇല്ലെങ്കിൽ ചികിത്സാചെലവ് ഏറ്റെടുക്കുമെന്ന് പൊലീസ് അസോസിയേഷൻ അറിയിച്ചു. ഇരുവരെയും മർദ്ദിച്ച പ്രതി സുലൈമാൻ പീരുമേട് ജയിലിൽ റിമാൻഡിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam