പൊലീസ് സർവ്വീസ് സഹകരണ സംഘം ഓഫീസ് ഉപരോധിച്ച് പൊലീസുകാര്‍

By Web TeamFirst Published Jun 22, 2019, 1:24 PM IST
Highlights

ഒരു വിഭാഗത്തിന് മാത്രം ഐഡന്‍റിറ്റി കാര്‍ഡ് നല്‍കിയെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. യുഡിഎഫ് അനുകൂല പാനലിലെ പൊലീസുകാർ ചേര്‍ന്ന് സഹകരണ സംഘത്തിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് സർവ്വീസ് സഹകരണ സംഘം ഓഫീസ് തെരഞ്ഞെടുപ്പിനെ ചൊല്ലി സംഘര്‍ഷം. പൊലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും വെല്ലുവിളിയും ഉണ്ടായി. ഒരു വിഭാഗത്തിന് മാത്രം ഐഡന്‍റിറ്റി കാര്‍ഡ് നല്‍കിയെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്. യുഡിഎഫ് അനുകൂല പാനലിലെ പൊലീസുകാർ ചേര്‍ന്ന് സഹകരണ സംഘത്തിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു.

ഒഴിഞ്ഞ് പോകാന്‍ സിഐ നിര്‍ദ്ദേശം നല്‍കിയിട്ടും പ്രതിഷേധക്കാര്‍ പോകാന്‍ തയ്യാറായില്ല. കണ്ണൂരിലെ പൊലീസ് സര്‍വ്വീസ് സഹകരണ സംഘത്തില്‍ ഉണ്ടായതിന് സമാനമായ പ്രതിഷേധമാണ് തിരുവനന്തപരുത്ത് ഉണ്ടായത്. നേരത്തേ ഉണ്ടായ സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അസാധ്യമെന്ന് കാണിച്ച് കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമീപിച്ച സത്യവാങ്മൂലം വിവാദമായിരുന്നു.

സംഭവത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് പൊലീസ് ഏറ്റുവാങ്ങിയത്.  തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട്  ജൂണ്‍ 27 ന് സമാധാനപരമയി തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ഡിജിപി കോടതിയെ അറിയിച്ചത്. ഇത് ലംഘിച്ചുകൊണ്ടാണ് ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം. 

മ്യൂസിയം പൊലീസ് എത്തി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്ന് ആരോപിച്ച് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. യുഡിഎഫ് അനുകൂല സംഘടനയുടെ കൈവശമുണ്ടായിരുന്ന സഹകരണ സംഘം പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ഇപ്പോള്‍. 
 

click me!