കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ്: വൈദികർ ചോദ്യം ചെയ്യലിനായി ഹാജരായി

By Web TeamFirst Published May 30, 2019, 1:03 PM IST
Highlights

ചോദ്യം ചെയ്യാൻ അനുവദിച്ചെങ്കിലും തത്കാലത്തേക്ക് വൈദികരുടെ അറസ്റ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞിരിക്കുകയാണ്. 

കൊച്ചി: കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസിൽ പ്രതികളായ ഫാ.പോൾ തേലക്കാട്ടും ഫാ. ആന്റണി കല്ലൂക്കാരനും ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായി. ആലുവ ഡിവൈഎസ്പി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അവശ്യമെങ്കിൽ കേസിൽ മൂന്നാം പ്രതിയായ ആദിത്യനെയും പ്രതികൾക്കൊപ്പം ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചു വരുത്തും. രാവിലെ 10 മണിയോടെയാണ് അഭിഭാഷകർക്കൊപ്പം ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇരുവരെയും വിട്ടയച്ചു.

കേസിലെ ഒന്നാം പ്രതിയായ ഫാ. പോൾ തേലക്കാട്ടും, നാലാം പ്രതിയായ ഫാ. ആന്റണി കല്ലൂക്കാരനും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി ഇരുവരോടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ഇരുവരെയും വെവ്വേറെ മുറികളിലിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിലെ വിവിധ ഉദ്യോഗസ്ഥരും ആലുവ ഡിവൈഎസ്പി ഓഫീസിൽ എത്തിയിട്ടുണ്ട്. നാലാം പ്രതി ഫാദർ ടോണി കല്ലൂക്കാരന്‍റെ നിർദ്ദേശപ്രകാരമാണ് മൂന്നാം പ്രതി ആദിത്യൻ വ്യാജരേഖ തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇത് പിന്നീട് ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ടിന് അയച്ച് കൊടുക്കുകയായിരുന്നു. 

ആദിത്യന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാദർ ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്യുന്നത്. ഈ രേഖ തയ്യാറാക്കിയത് പിന്നിൽ ഒന്നാം പ്രതി പോൾ തേലക്കാടിന് ഏതെങ്കിലും തരത്തിൽ പങ്കോ,ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ചോദ്യം ചെയ്യാൻ അനുവദിച്ചെങ്കിലും തത്കാലത്തേക്ക് ഇരുവരുടെയും അറസ്റ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞിരിക്കുകയാണ്. അനുവദിച്ചിരിക്കുന്ന ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനുള്ളിൽ അറസ്റ്റിന് സാധ്യതയുണ്ടെങ്കിൽ മുൻകൂർ ജാമ്യത്തിനായി വീണ്ടും വൈദികർക്ക് സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

click me!