കത്തിക്കുത്ത് കേസ് പ്രതികളുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; സര്‍വ്വകലാശാല ഉത്തരപേപ്പറുകള്‍ കണ്ടെത്തി

By Web TeamFirst Published Jul 14, 2019, 10:46 PM IST
Highlights

യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷ നടത്തിപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് പരീക്ഷപേപ്പറുകൾ കണ്ടെത്തിയത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവര‍ഞ്ജിത്തിന്‍റേയും നസീമിന്‍റേയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന്  സർവ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തി. റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. 

ഉത്തരങ്ങൾ  എഴുതിയതും എഴുതാത്തുമായ 16 ബുക്ക്ലെറ്റുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. സീൽ പതിപ്പിക്കാത്തവയാണ് ഇവ. ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലവും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് കോപ്പിയടിക്കാനാണ് ഈ പേപ്പറുകൾ ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. 

റെയ്ഡിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശിവരഞ്ജിത്തിന്‍റെ ബന്ധുക്കള്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ബലമായി വീട്ടില്‍ നിന്നും നീക്കിയ ബന്ധുകള്‍ ഇരുമ്പ് കമ്പി വീശുകയും ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയുകയും ചെയ്തു. 

യൂണിവേഴ്സിറ്റി കോളെജിലെ പരീക്ഷ നടത്തിപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് പരീക്ഷപേപ്പറുകൾ കണ്ടെത്തിയത്. ഇതെങ്ങനെ  എത്തി എന്നടതക്കമുള്ള വിശദമായ അന്വേഷണം ഇനി വേണ്ടി വരും. ഉത്തരക്കടലാസുകൾ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

click me!