
പാലക്കാട്: പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ വനിത കമ്മീഷന് പരാതി. മഹിളാ കോണ്‍ഗ്രസ് ആണ് വനിത കമ്മീഷന് പരാതി നൽകിയത്. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണക്കും ഷാനി മോള്‍ ഉസ്മാനും എതിരെ നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. അര്‍ദ്ധരാത്രിയിൽ സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന മുറിയിൽ അടക്കം റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്നും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. യാതൊരുവിധ നിയമങ്ങളും പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.
പാതിരാത്രിയിലെ പൊലീസ് പരിശോധന വലിയ നടുക്കമുണ്ടാക്കിയെന്നും പൊലീസ് യാതൊരു മര്യാദയും കാണിക്കാതെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് അങ്ങേയറ്റം അപമാനിച്ചു. കള്ളന്മാരും കൊള്ളക്കാരും തീവ്രവാദികളുമൊക്കെയാണല്ലോ രാത്രി ഇങ്ങനെ മുറിയിലേക്ക് അതിക്രമിച്ച് വരുക. ഉറങ്ങി തുടങ്ങിയപ്പോഴാണ് ബഹളം കേട്ടത്. 3014 മുറിയിൽ കയറണം എന്ന ശബ്ദമാണ് പുറത്ത് നിന്ന് കേട്ടത്. അപ്പോള്‍ ബെല്ലടിച്ച ശബ്ദം കേട്ടു.
രണ്ടാമത്തെ ബെല്ല് കേട്ട് തുറക്കുമ്പോഴേക്കും നിറയെ പൊലീസുകാരാണ് പുറത്ത്. രണ്ടു പേര്‍ക്ക് യൂണിഫോമുണ്ടായിരുന്നില്ല. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. ആരാണ് മുറിയിലുള്ളതെന്ന് പൊലീസ് ചോദിച്ചു. ഭര്‍ത്താവാണെന്നും ഉറങ്ങുകയാണെന്നും പറഞ്ഞപ്പോള്‍ വിളിക്കാൻ പറഞ്ഞു.
വിളിക്കാൻ പറ്റില്ലെന്നും എന്താണ് കാര്യമെന്നും തിരിച്ചു ചോദിച്ചപ്പോള്‍ വീണ്ടും ഭര്‍ത്താവിനെ വിളിക്കാൻ പറഞ്ഞ് പൊലീസ് ബഹളം വെച്ചു. പിന്നീട് അദ്ദേഹത്തെയും വിളിച്ചുകൊണ്ടുവന്നു. രണ്ടു പേരും വാതിലിന്‍റെ അടുത്തേക്ക് വന്നപ്പോഴേക്കും മുറിയിലേക്ക് പൊലീസ് ഇടിച്ചുകയറി. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ എത്തി. ഞങ്ങളെയും പുറത്താക്കി. നാലു പെട്ടികളും ഹാന്‍ഡ് ബാഗുകളും അലമാരയിലെ ഉപയോഗിച്ച വസ്ത്രങ്ങളുമെല്ലാം പരിശോധിച്ചു. മേശയുടെ അടിയിലുണ്ടായിരുന്ന പെട്ടിയും തുറന്ന് കാണിച്ചുകൊടുത്തുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
രാത്രി വൈകി പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധനയെ വിമർശിച്ച് ഷാനിമോൾ ഉസ്മാനും രംഗത്തെത്തി. പൊലീസ് രാത്രി ആദ്യം വന്നപ്പോൾ താൻ തടഞ്ഞുവെന്നും തൻ്റെ സ്ത്രീയെന്ന സ്വത്വ ബോധം ചോദ്യം ചെയ്യപ്പെട്ടുവെന്നും പറഞ്ഞ അവർ എഎ റഹീമിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു. അർത്ഥവും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് റഹീം ഉന്നയിച്ചത്. സ്ത്രീയെന്ന തന്‍റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. റഹീമിനോട് തനിക്ക് ഇതുവരെ പരമപുച്ഛവും സഹതാപവുമായിരുന്നുവെന്നും ഇന്നലത്തോടെ അത് ഒന്നുകൂടി കൂടിയെന്നും ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'മുറിയിൽ ആരാണുള്ളതെന്ന് ചോദിച്ചു, അങ്ങേയറ്റം അപമാനിച്ചു'; പൊലീസിനെതിരെ തുറന്നടിച്ച് ബിന്ദു കൃഷ്ണ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam