
കൊല്ലം: ഹർത്താലിനിടെ കൊല്ലം പള്ളിമുക്കിൽ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൂട്ടിക്കട സ്വദേശി ഷംനാദ് ആണ് പൊലീസിനെ അക്രമിച്ചത്. ഇയാൾ എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്‍റാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു.
മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയം ആക്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് പിടികൂടിയത്. കീച്ചേരിക്ക് അടുത്ത് ചെള്ളേരിയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട് പനമരം ആറാം മൈലിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.
കുണ്ടാല സ്വദേശികളായ അഷ്റഫ്, അബ്ദുൾ റഷീദ്, മുഹമ്മദലി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്. വെള്ളിയാഴ്ച രാവിലെ മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് പ്രതികൾ കല്ലെറിഞ്ഞത്. സംഭവത്തിൽ വധശ്രമത്തിനും, സർക്കാരുദ്യോഗസ്ഥൻന്‍റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam