17കാരന്‍റെ കൈ മുറിക്കേണ്ടി വന്ന സംഭവം:തലശ്ശേരി ജനറൽ ആശുപതിയിലെ ഡോ. വിജു മോനെതിരെ കേസെടുത്ത് പൊലീസ്

Published : Nov 24, 2022, 09:30 AM ISTUpdated : Nov 24, 2022, 12:01 PM IST
17കാരന്‍റെ കൈ മുറിക്കേണ്ടി വന്ന സംഭവം:തലശ്ശേരി ജനറൽ ആശുപതിയിലെ ഡോ. വിജു മോനെതിരെ കേസെടുത്ത് പൊലീസ്

Synopsis

സുൽത്താന്‍റെ പിതാവിന്റെ പരാതിയില്‍ ചികിൽസ പിഴവിനാണ് കേസെടുത്തത്.  തലശ്ശേരി എ എസ് പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്

 

കണ്ണൂ‍ർ : തലശ്ശേരി ജനറൽ ആശുപതിയിൽ ചികിൽസ തേടിയ 17 വയസ്സുകാരൻ സുൽത്താന്‍റെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്.തലശ്ശേരി ജനറൽ ആശുപതിയിൽ സുൽത്താനെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജു മോനെതിരെയാണ് കേസ്. ചികിൽസ പിഴവിനാണ് കേസെടുത്തത്. സുൽത്താന്‍റെ പിതാവിന്റെ പരാതിയില്‍ ആണ് കേസ് തലശേരി പൊലിസ് കേസെടുത്തത്. തലശ്ശേരി എ എസ് പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്.സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുകയാണ്

 

ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിയുടെ കൈ ആണ് മുറിച്ചു മാറ്റേണ്ടി വന്നത്. ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന്  ബന്ധുക്കൾ പരാതി നൽകിയിരുന്നു. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് 17കാരനായ സുൽത്താൻ. 

ഒക്ടോബർ 30 ന് വൈകീട്ടാണ് അപകടം നടന്നത്. വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണാണ് എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീൻ കേടായിരുന്നു. എക്സ്റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിൽ എക്സ്റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്സ്റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു. തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ വിജുമോൻ ശസ്ത്രക്രിയ നിർദ്ദേശിച്ചു. എന്നാൽ നടപടികൾ കൈക്കൊണ്ടില്ല. നവംബർ ഒന്നിന് രാവിലെ കൈ നിറം മാറി. തുടർന്ന് വിജുമോൻ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.

പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളേജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റി. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറൽ ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.  കുട്ടിയുടെെ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സർജറി ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം രക്തം വാർന്നുപോവുകയും ചെയ്തു. രക്തം വാർന്ന് പോയില്ലെങ്കിൽ കൈ രക്ഷിക്കാൻ കഴിയുമായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലേക്ക് വിടുകയും ചെയ്തെന്നും ആശുപത്രിയുടെ വിശദീകരണം.

'വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ഗൗരവതരം,പിഴവ് കണ്ടെത്തിയാൽ കർശന നടപടി 'ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്; സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്
ഒരേ വാർഡ്; ജയിച്ചതും തോറ്റതും മരുതൂർ വിജയൻ; കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡ് ഇക്കുറിയും ഇടതിനൊപ്പം