കോഴിക്കോട് നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറു ദിവസം. സിവില്‍ സ്റ്റേഷന്‍ മുതല്‍ നടക്കാവ് വരെയുള്ള പ്രദേശങ്ങളിലാണ് വെള്ളം മുടങ്ങിയത്.

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറു ദിവസം. സിവില്‍ സ്റ്റേഷന്‍ മുതല്‍ നടക്കാവ് വരെയുള്ള പ്രദേശങ്ങളിലാണ് വെള്ളം മുടങ്ങിയത്. റോഡ് വികസനത്തിന്‍റെ ഭാഗമായി പൈപ്പ് മാറ്റി സ്ഥാപിക്കുന്നതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം. കോര്‍പ്പറേഷന്‍ പകരം സംവിധാനം ഒരുക്കാത്തത് മൂലം കുടി വെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുകയാണ്.

എരഞ്ഞിപ്പാലത്തും നടക്കാവുമെല്ലാം സമാന അവസ്ഥയാണ്. ഏറെ ദൂരം സഞ്ചരിച്ച് കുടിവെള്ളമെത്തിക്കുകയാണ് പലരും. മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന്‍റെ ഭാഗമായി പൈപ്പ് മാറ്റി സ്ഥാപിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. മൂന്ന് ദിവസം കുടിവെള്ളം മുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും ആറു ദിവസമായിട്ടും വെള്ളമെത്തിയിട്ടില്ല. മലാപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലം വരെയുള്ള സിമന്‍റ് പൈപ്പ് മാറ്റി ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പക്ഷേ വീടുകളിലേക്കുള്ള കണക്ഷന്‍ പുനസ്ഥാപിച്ചിട്ടില്ല. പകരം സംവിധാനമൊരുക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്. എരഞ്ഞിപ്പാലത്ത് വാര്‍ഡ് കൗണ്‍സിലര്‍ സ്വന്തം നിലക്ക് ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ചിരുന്നെങ്കിലും അത് പര്യാപ്തമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു ദിവസത്തിനകം കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതരുടെ വിശദീകരണം.