
കൊല്ലം: ചടയമംഗലത്ത് ബാങ്കിന് മുന്നില്‍ കാത്തു നിന്ന ആള്‍ കോവിഡ് മാനദണ്ഡം പാലിച്ചില്ലന്ന പേരില്‍ പൊലീസിന്‍റെ പിഴ. ഇത് ചോദ്യം ചെയ്ത പതിനെട്ടുകാരിക്ക് എതിരെ പൊലീസ് കേസെടുത്തു. പൊലീസിന്‍റെ കൃത്യനിര്‍വ്വഹണം തടസ്സെപ്പെടുത്തിയതിനാണ് കേസ്. പൊലീസ് നടപടിക്ക് എതിരെ പെൺകുട്ടി സംസ്ഥാന യുവജനകമ്മീഷന് പരാതി നല്‍കി.
ചടയമംഗലം ഇടുക്ക് പാറ സ്വദേശിനിയായ പതിനെട്ടുകാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അമ്മയെ ആശുപത്രിയില്‍ കൊണ്ട് പോയി മടങ്ങി വരും വഴി എടിഎമ്മിൽ നിന്നും പണം എടുക്കുന്നതിന് വേണ്ടിയാണ് പെൺ കുട്ടി ബാങ്കിന് സമീപത്തേക്ക് പോയത്. അവിടെ നിന്ന പ്രായമുള്ള ഒരാളുമായി പൊലീസ് കയര്‍ത്ത് സംസരിക്കുന്നത് കണ്ടപ്പോള്‍ പെൺകുട്ടി വിവരം തിരക്കി. അനാവശ്യമായി പിഴ നല്‍കിയെന്ന് വൃദ്ധന്‍ മറുപടി പറഞ്ഞപ്പോള്‍ ഇടപെട്ട പെൺകുട്ടിക്കും പൊലസ് പിഴ ചുമത്തിയെന്നാണ് പരാതി.
തുടര്‍ന്ന് പൊലീസും പെൺകുട്ടിയും തമ്മിൽ വാക്കുതർക്കമായി. ഇതോടെ പൊലീസിന്‍റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് പെൺകുട്ടിക്ക് എതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് അനുസരിച്ച് കേസെടുത്തു. കേസെടുത്തതിനെതിരെ പെൺകുട്ടി യുവജനകമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം പെൺകുട്ടി സ്റ്റേഷനില്‍ എത്തി മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന നിലപാടിലാണ് പൊലീസ്. സംഭവത്തില്‍ ഇടപെട്ട യുവജന കമ്മിഷന്‍ റൂറൽ എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam