പത്തനംതിട്ട അതിക്രമം: ഹൈഡേ ബാറിനെതിരെ അക്രമം നടന്നെന്ന് കേസ്; മർദ്ദനമേറ്റ കുടുംബത്തെ ലക്ഷ്യമിട്ട് എഫ്ഐആ‍ർ

Published : Feb 06, 2025, 07:45 AM ISTUpdated : Feb 06, 2025, 07:50 AM IST
പത്തനംതിട്ട അതിക്രമം: ഹൈഡേ ബാറിനെതിരെ അക്രമം നടന്നെന്ന് കേസ്; മർദ്ദനമേറ്റ കുടുംബത്തെ ലക്ഷ്യമിട്ട് എഫ്ഐആ‍ർ

Synopsis

പൊലീസ് അതിക്രമ പരാതിയെ പ്രതിരോധിക്കാനെന്നോണം ചുമത്തിയ ഹൈഡേ ബാർ ആക്രമണ കേസിൽ കണ്ടാലറിയാവുന്ന 10 പേർ പ്രതികൾ

പത്തനംതിട്ട: വഴിയരികിൽ നിന്ന കുടുംബത്തെ ഓടിച്ചിട്ട് തല്ലിയ ടൗൺ എസ്ഐ ജെ.യു ജിനുവിനും സംഘത്തിനുമെതിരെ കേസെടുക്കുന്നതിന് മുൻപ് ഹൈഡേ ബാറിന് നേരെ ആക്രമണം നടന്നെന്ന പരാതിയിൽ മറ്റൊരു കേസ്. പൊലീസ് അതിക്രമത്തിൽ പരാതിയെ പ്രതിരോധിക്കാനെന്നോണം ചുമത്തിയ കേസിൽ കണ്ടാലറിയാവുന്ന 10 പേരാണ് പ്രതികൾ. പൊലീസ് അതിക്രമത്തിനെതിരായ പരാതിയിൽ കേസെടുക്കും മുൻപ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പൊലീസ് അതിക്രമം നടന്ന് 15 മിനിറ്റ് കഴിഞ്ഞാണ് ബാറിനെതിരെ അക്രമം നടന്നതെന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ പരാതി ലഭിക്കും മുൻപ് പൊലീസ് ബാറിന് മുന്നിലെത്തിയത് എന്തിനെന്ന ചോദ്യവും അവശേഷിക്കുന്നു.

ഹൈഡേ ബാറിലെ ജീവനക്കാരനായ വെച്ചൂച്ചിറ സ്വദേശി അഖിൽ ഷാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കേസിൽ തിരിച്ചറിയാൻ കഴിയുന്ന 10 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ബാർ അടച്ചശേഷം മദ്യം കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം പ്രതികൾ സംഘം ചേർന്ന് ബാറിന്റെ പ്രധാന വാതിൽ തള്ളിത്തുറന്ന് ഉള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ പറയുന്നത്. അഞ്ചാം തീയതി രാവിലെ 10.11 മണിക്കാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാലാം തീയതി രാത്രി 11.15 മണിക്കാണ് സംഭവം എന്നും അഞ്ചാം തീയതി രാവിലെ 8.40ന് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച വിവരം ലഭിച്ചതായും പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പി ശിവൻകുട്ടി രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.

അതിനുശേഷം രാവിലെ 10.50 മണിക്കാണ് പോലീസ് അതിക്രമത്തിന്റെ പേരിലുള്ള കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാലിന് രാത്രി 11 മണിക്കാണ് സംഭവം എന്നും അഞ്ചിന് രാവിലെ 9 30ന് സ്റ്റേഷനിൽ വിവരം ലഭിച്ചതായും എസ് ഐ ഷിജു പി സാം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. എരുമേലി സ്വദേശിനി സി ടി സിതാര മോൾ, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവരുടെ പരാതിയിലാണ് കേസ്. പ്രതിക്കോളത്തിൽ പോലീസുകാർ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാർ ജീവനക്കാരന്റെ പരാതിയിലുള്ള സംഭവ സമയം രാത്രി 11.15 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.എന്നാൽ രണ്ടാമത്തെ എഫ്ഐആറിൽ സംഭവ സമയം രാത്രി 11 മണി എന്നും.അതുകൊണ്ടുതന്നെ ആദ്യ സംഭവമാണ് രണ്ടാമത്തെ സംഭവത്തിന് കാരണമെന്ന് സ്ഥാപിക്കാനുള്ള പോലീസ് ശ്രമം ആദ്യമേ പാളിയിരിക്കുകയാണ്. കേസുകൾ രജിസ്റ്റർ ചെയ്തതിലും വീഴ്ച ഉണ്ടായിട്ടുണ്ട്. ആദ്യ കേസിൽ സ്റ്റേഷനിൽ വിവരം ലഭിക്കുന്നത് അഞ്ചിന് രാവിലെ 8:40 മണിക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബാറിൽനിന്ന് ഫോൺകോൾ കിട്ടിയതിനാലാണ് രാത്രി സംഭവസ്ഥലത്ത് എത്തിയത് എന്നായിരുന്നു പോലീസ് ആദ്യ ഭാഷ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം
കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ്; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി