പ്രധാന നഗര കേന്ദ്രങ്ങളില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും എത്തിച്ച് ചില്ലറ വില്‍പന നടത്തുന്ന എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: പ്രധാന നഗര കേന്ദ്രങ്ങളില്‍ മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും എത്തിച്ച് ചില്ലറ വില്‍പന നടത്തുന്ന എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാന്‍ അലി (22), മലപ്പുറം അരീക്കോട് കീഴ്പറമ്പ് സ്വദേശി ജിഫ്രി അല്‍ഹാസ്(22), കിരാലൂര്‍ കിഴക്കുമുറി സ്വദേശി മുഹമ്മദ് റഷ്ദാന്‍(22), സൗത്ത് ബീച്ച് പരപ്പില്‍ സ്വദേശികളായ മുഹമ്മദ്(30), ദിയ മുഹമ്മദ് ബഹ്ബഹാനി (22), മുഹമ്മദ് നാസ്(24), കല്ലായി ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് ഷഹാദുല്‍ അഫം(25), നടക്കാവ് സ്വദേശി മുഹമ്മദ് അന്‍ഷാദ്(26) എന്നിവരെയാണ് പന്തീരാങ്കാവ് പോ പിടികൂടിയത്.
പന്തീരാങ്കാവ് എസ്‌ഐയും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഇവരെ കണ്ടെത്തിയത്. പാലാഴി ഹൈലൈറ്റ് മാളിന് സമീപം പാല്‍കമ്പനി ഹൈസ്‌കൂള്‍ റോഡില്‍ സഹദേവന്‍ എന്നയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലായിരുന്നു ഇവര്‍. പരിശോധന നടത്തിയപ്പോള്‍ ഹാളിലെ കട്ടിലില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താംഫിറ്റമിനും മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായുള്ള ഒന്‍പത് സിപ്പ് ലോക്ക് കവറുകളും 124 ചെറിയ ബോട്ടിലുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള മൂന്ന് ബര്‍ണര്‍ പൈപ്പുകളും പത്തോളം മൊബൈല്‍ ഫോണുകളും കണ്ടെത്തി.
കൂടാതെ മയക്കുമരുന്ന് വില്‍പ്പന നടത്തി ലഭിച്ച 88,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആഡംബര ജീവിതത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് ഷഹാദുല്‍ അഫത്തിന് നടക്കാവ്, വെള്ളയില്‍ പോലീസ് സ്റ്റേഷനുകളില്‍ കാരപറമ്പ് സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ബീച്ച് ആശുപത്രിക്ക് മുന്‍ വശത്തുളള സെന്‍റ് മേരിസ് ലാബിന് മുന്‍പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തീവെച്ചു നശിപ്പിച്ചതിനും കേസുകളുണ്ട്. മുഹമ്മദിന് ടൗണ്‍, മെഡിക്കല്‍ കോളെജ് പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, എംഡിഎംഎ വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചതിനും കേസുകള്‍ നിലവിലുണ്ട്. ദിയ മുഹമ്മദ് ബഹ്ബഹാനിയുടെ പേരില്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എട്ട് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.



