
കോഴിക്കോട് : കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിയെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്. ലഹരി വസ്തുക്കൾ നൽകാമെന്ന ഉറപ്പിൻമേൽ പണം വാങ്ങിയ ശേഷം വഞ്ചിച്ചത് കൊണ്ടാണ് അരവിന്ദ് ഷാജിയെ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അരവിന്ദ് ഷാജിയുൾപ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റിക്കാട്ടൂർ സ്വദേശിയായ അരവിന്ദ് ഷാജിയെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞ് വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലേക്ക് ഫോൺ വന്നത്. ഇരുപതിനായിരം രൂപ നൽകിയാൽ വിട്ടയക്കാമെന്നായിരുന്നു ഭീഷണി കലർന്ന ആ ഫോൺ കോൾ. അരവിന്ദിൻറെ അമ്മ നൽകിയ പരാതിയെത്തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ട് മണിയോടെ വെള്ളയിൽ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അരവിന്ദ് ഷാജിയുമായി ആറംഗ സംഘം സഞ്ചരിക്കുകയായിരുന്ന കാർ പൊലീസ് കണ്ടെത്തി. അരവിന്ദ് ഉൾപ്പെടെ നാല് പേരെ കസ്റ്റഡിയിലെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ പിന്നീട് പിടികൂടി.
വയനാട് പടിഞ്ഞാറത്തറ സ്വദേശി ഇർഷാദ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, സഫീർ, നിസാമുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇർഷാദിന് ലഹരി വസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് അരവിന്ദ് പതിനായിരം രൂപ വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ലഹരി വസ്തുക്കൾ നൽകാതെ വഞ്ചിച്ചതോടെ അരവിന്ദിനെ തട്ടിക്കൊണ്ടുപോകാൻ നിസാമുദ്ദീനും സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. അരവിന്ദും ലഹരി മാഫിയയുടെ കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam