സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ ആരോപണം വ്യാജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

Published : Aug 18, 2022, 12:11 PM ISTUpdated : Aug 18, 2022, 12:19 PM IST
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ ആരോപണം വ്യാജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്

Synopsis

പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും പൊലീസ്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ആരോപണം വ്യാജമാണെന്ന് പോലീസ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗം ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.

ദിലീപിന്‍റെ മുൻ മാനേജറും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പോലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പോലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസ് വന്നത്. എറണാകുളത്തെ വീട്ടിൽ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും പീഡിപ്പിച്ചെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. എളമക്കര പൊലീസ് കേസെടുത്തി. ഡിജിപി നിർദ്ദേശത്തെ തുടർന്ന് ഹൈടെക് സെൽ എസ് പിക്ക് അന്വേഷണ ചുമതല നൽകി. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നു. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചെന്നാണ് മറ്റൊരു കണ്ടെത്തൽ. ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇവർക്ക് ഇതിന് പണം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതി വന്നത് മുതൽ പരാതിക്കാരിയെ കൊച്ചിയിലെ അവരുടെ സ്ഥാപനത്തിൽ എത്തി കണ്ടവരുടെ അടക്കം പേര് വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിക്ക് സമൻസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇവർ ഒളിവിലാണെന്നാണ് കരുതുന്നത്. ഇവർക്കെതിരെ കോടതിക്ക് ആവശ്യമെങ്കിൽ നടപടിക്ക് നിർദ്ദേശം നൽകാവുന്നതാണ്. 
 

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ