കവിയൂരിലെ വൃദ്ധദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചതെന്ന് പൊലീസ്

By Web TeamFirst Published Oct 23, 2019, 3:07 PM IST
Highlights

വാസുവിന്റേത് തൂങ്ങി മരണമാണെന്ന പോസ്റ്റു മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനം. കസ്റ്റഡിയിലെടുത്ത ഇവരുടെ മകൻ പ്രശാന്തിന്  മരണത്തിൽ പങ്കില്ലെന്നും കണ്ടെത്തൽ.
 

തിരുവല്ല: കവിയൂരിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകത്തിന് ശേഷം ഉള്ള ആത്മഹത്യയെന്ന് പൊലീസ്. ഭർത്താവ് വാസു ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണെന്ന് പൊലീസ് അറിയിച്ചു. വാസുവിന്റേത് തൂങ്ങി മരണമാണെന്ന പോസ്റ്റു മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. കസ്റ്റഡിയിലെടുത്ത ഇവരുടെ മകൻ പ്രശാന്തിന് മരണത്തിൽ പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

സ്വത്തു തർക്ക വിഷയത്തിൽ മകന്റെ ഭാഗത്തു നിന്ന് വാസുവിന് മാനസിക സമ്മർദ്ദമുണ്ടായിരുന്നതായി തെളിഞ്ഞാൽ പ്രശാന്തിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു. ഇന്നലെയാണ് കവിയൂർ ക്ഷേത്രത്തിനു സമീപം വാസുവിനെയും ഭാര്യ രാജമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ കഴുത്ത് അറുത്ത് രക്തം വാർന്ന് മരിച്ച നിലയിലും കണ്ടെത്തിയത്. മകൻ പ്രശാന്തും ഇവരും തമ്മിൽ സ്വത്തു തർക്കം നില നിന്നിരുന്നു. ഇതേ തുടർന്ന് മകൻ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മാതാപിതാക്കളുടെ മരണത്തിൽ പ്രശാന്തിന് പങ്കില്ലെന്ന് വ്യക്തമായത്. എന്നാൽ ഏതെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള സമ്മ‍ർദങ്ങൾ പ്രശാന്ത് അച്ഛനിൽ ഉണ്ടാക്കിയിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുന്നതേയുള്ളൂ. 
 

click me!