നാല് ദിവസത്തിനിടെ 15 തവണ വീടുവിട്ടു; കൊച്ചിയില്‍ 18 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലാക്കി

By Web TeamFirst Published May 22, 2020, 4:47 PM IST
Highlights

തുടർച്ചയായി നിയമം ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ ഇന്ന് സർക്കാർ ക്വാറന്‍റീനിലേക്ക് മാറ്റി. ഇതിൽ പലരും നാല് ദിവസത്തിനിടെ 15 തവണ വീട് വിട്ട് പുറത്തിറങ്ങിയവരാണെന്ന് പോലീസ് പറയുന്നു.

കൊച്ചി: സംസ്ഥാനത്ത്  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വ്യാപകമായി നിയമം ലംഘിക്കുന്നതായി പൊലീസ്. വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2200 ഓളം പേരാണ് കൊച്ചി സിറ്റിയിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 300 ല്‍ ഏറെ പേര്‍  നിരവധി വട്ടം വീട് വിട്ടെന്ന്  പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഇത്തരം ആളുകളെ ആദ്യഘട്ടം താക്കീത് ചെയ്ത് വീടുകളിൽ പാർപ്പിക്കുകയാണ് കൊച്ചിയിൽ ചെയ്തത്. 

തുടർച്ചയായി നിയമം ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ ഇന്ന് സർക്കാർ ക്വാറന്‍റീനിലേക്ക് മാറ്റി. ഇതിൽ പലരും നാല് ദിവസത്തിനിടെ 15 തവണ വീട് വിട്ട് പുറത്തിറങ്ങിയവരാണെന്ന് പോലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയാണ് കൂടുതലായി ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ളത്. കൊച്ചിയിൽ വീടുകളിൽ കഴിയുന്ന 2200 പേരിൽ ചിലർക്കെങ്കിലും കൊവിഡ് സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. 

ഇത്തരം ആളുകൾ വീടുകൾ വിട്ട് പുറത്തിറങ്ങുന്നത് സാമൂഹ്യവ്യാപനത്തിന് കാരണമാകും. ഇത് തടയാനാണ് കൊച്ചിയിൽ പ്രത്യേക പദ്ധതിയൊരുക്കുന്നത്. ക്വാറന്‍റീന്‍ ലംഘനത്തിന് 200 ലേറെ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 81 കേസുകളുള്ള കാസർകോഡ് കഴിഞ്ഞാൽ കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്യുന്നത്  പോലീസ് നടപടികൾ കർശനമാക്കിയ കൊച്ചിയിലാണ്.
 

click me!