ഫാത്തിമയെ കൊലപ്പെടുത്തിയ പ്രതികളല്ല അന്ന് സാറാമ്മയുടെ ജീവനെടുത്തത്; പട്ടാപ്പകല്‍ ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍

By Web TeamFirst Published Apr 26, 2024, 5:52 PM IST
Highlights

ഇവര്‍ തന്നെയാണോ പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് സാറാമ്മയെന്ന വയോധികയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ സംശയം. രണ്ട് കൊലപാതകങ്ങള്‍ക്കും സമാനതകള്‍ ഏറെയായിരുന്നു. ഇതാണ് പൊലീസിനെ സംശയിപ്പിച്ചത്.

ഇടുക്കി: അടിമാലിയില്‍ എഴുപത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തിനടുത്ത് നടന്ന കൊലയില്‍ പങ്കില്ലെന്നുറപ്പിച്ച് പൊലീസ്. അടിമാലിയില്‍ ഫാത്തിമ എന്ന വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ അലക്സ്, കവിത എന്നീ രണ്ട് പേര്‍ പിടിയിലായിരുന്നു. 

ഇവര്‍ തന്നെയാണോ പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് സാറാമ്മയെന്ന വയോധികയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ സംശയം. രണ്ട് കൊലപാതകങ്ങള്‍ക്കും സമാനതകള്‍ ഏറെയായിരുന്നു. ഇതാണ് പൊലീസിനെ സംശയിപ്പിച്ചത്.

അടിമാലിയും കോതമംഗലവും തമ്മില്‍ അത്ര ദൂരമില്ല. ഇരുകൊലപാതകങ്ങളും നടന്ന സ്ഥലങ്ങള്‍ തമ്മില്‍ കണക്കാക്കിയാല്‍ നാല്‍പത് കിലോമീറ്റര്‍ വ്യത്യാസമേ വരൂ. പത്ത് ദിവസത്തെ ഇടവേളയിലാണ് രണ്ട് കൊലപാതകവും. കൊല്ലപ്പെട്ടത് വയോധികര്‍, വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പട്ടാപ്പകലാണ് കഴുത്തറുത്ത് കൊല. 

കുറ്റകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ രണ്ടിടത്തും പൊടികള്‍ വിതറിയിരുന്നു. സാറാമ്മയുടെ വീട്ടില്‍ മഞ്ഞള്‍പ്പൊടിയും ഫാത്തിമയുടെ വീട്ടില്‍ മുളക് പൊടിയുമാണ് വിതറിയിരുന്നത്. ഈ സമാനതകളൊക്കെയാണ് കൃത്യം നടത്തിയത് ഒരേ സംഘമാണോയെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്.

എന്നാല്‍ പ്രതികളായ അലക്സും കവിതയും സാറാമ്മ മരിക്കുന്ന ദിവസം കോതമംഗലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പൊലീസ് സ്ഥിരീകരിക്കുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷനും മറ്റും വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതോടെയാണ് സാറാമ്മയുടെ കേസില്‍ ഇവര്‍ക്ക് പങ്കില്ലെന്ന ധാരണയിലെത്തുന്നത്. അപ്പോഴും സാറാമ്മയുടെ കേസ് ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ഇരുകേസുകള്‍ക്കും തമ്മില്‍ വേറെന്തെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതായി വരും. നിലവില്‍ അലക്സും കവിതയും റിമാൻഡിലാണ്. സാറാമ്മയുടെ കേസില്‍ കുറ്റം നേരത്തെ തന്നെ പ്രതികള്‍ നിഷേധിച്ചിരുന്നു.

പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപാതകം എന്നത് അടിമാലി, കോതമംഗലം ഭാഗങ്ങളില്‍ ആളുകളിലും ഭീതി നിറച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാകരുത് എന്നാണ് ഏവരും ആവശ്യപ്പെടുന്നത്. 

Also Read:- വാഹാനാപകടത്തില്‍ ഒരു മരണം; പരുക്കേറ്റവരെ സഹായിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സംഘവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!